മാജിക് ഫ്രെയിംസിന്റെ പുതിയ തിയേറ്റർ സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; പ്രദർശനം പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യോടെ

കൊച്ചി: പ്രമുഖ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയായ മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തിയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇൻഫോപാർക്കിന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന തിയേറ്ററിൽ ആകെ 4 സ്ക്രീനുകളാണുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് എൽഇഡി സ്ക്രീൻ ഉൾപ്പെടെയുള്ള വിസ്മയങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത്തെ സ്ക്രീനാണ് കാക്കനാട് പ്രവർത്തനമാരംഭിച്ചതെന്ന് സ്ഥാപനത്തിന്റെ സാരഥിയും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഏറ്റവും വലിയ സ്വപ്നപദ്ധതി യാഥാർത്ഥ്യമായ ഈ ദിനം സ്ഥാപനത്തിന്റെ യാത്രയിലെ സുപ്രധാനമായ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിലൊരുങ്ങിയ മുൻകാല ചിത്രങ്ങളുടെ ഭാഗങ്ങളും, റിലീസിന് തയ്യാറെടുക്കുന്ന ‘ഖലീഫ’, ‘കത്തനാർ’ എന്നീ ചിത്രങ്ങളുടെ 3D ട്രെയിലറുകളുമാണ് തിയേറ്ററിൽ ആദ്യം പ്രദർശിപ്പിച്ചത്.

ഓഗസ്റ്റ് 20-ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ‘ഖലീഫ’യുടെ റിലീസോടെയാണ് തിയേറ്ററിൽ പൊതുപ്രദർശനം ആരംഭിക്കുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ഓഗസ്റ്റ് 18 മുതൽ ‘ഡിസ്ട്രിക്ട് മൂവീസ്’ (District Movies) ആപ്പ് വഴി ലഭ്യമാണ്.

ചടങ്ങിൽ മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി., ഉമാ തോമസ് എം.എൽ.എ., തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ ചലച്ചിത്ര താരങ്ങളായ ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, ഷെയിൻ നിഗം, ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, മഞ്ജു വാര്യർ, ചിപ്പി, നവ്യ നായർ, ഷീലു എബ്രഹാം, ശ്രുതി രാമചന്ദ്രൻ, മിത്ര കുര്യൻ, റാണിയാ റാണ, സംവിധായകരായ സിബി മലയിൽ, കമൽ, ഷാജി കൈലാസ്, നിർമ്മാതാക്കളായ രഞ്ജിത്ത്, എബ്രഹാം മാത്യു തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *