ഓർമ്മ ഇന്റർനാഷണൽ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4: യു.എസ് കിക്കോഫ് ഫിലാഡൽഫിയയിൽ നടന്നു

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഫിലാഡൽഫിയയിൽ തുടക്കമായി. ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക ചടങ്ങോടെയായിരുന്നു യു.എസ്. കിക്കോഫ്. പ്രസംഗമത്സരം സീസൺ 4 കിക്കോഫിനൊപ്പം ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിന്റെ മില്യൺ മലയാളി ക്ലബ്ബ് (MMC) സംരംഭത്തിന്റെ ഒപ്പുവെക്കൽ എന്നീ പ്രധാന പരിപാടികളും ഇതോടൊപ്പം നടന്നു.

ചടങ്ങിൽ 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ്, സി ന്യൂസ് ലൈവ് & സി.എൻ ഗ്ലോബൽ മൂവീസ് സി.ഇ.ഒ ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്ത് മുൻ സ്പീക്കർ ജോൺ പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കൂടാതെ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ MAP, KALAA, PAMPA, WMC, PIANO, കോട്ടയം അസോസിയേഷൻ, PATH, ഫൊമ, ഫൊക്കാന, ഡബ്ല്യു.എം.എഫ് എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാം സീസണിൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള പങ്കാളിത്തം പ്രധാന സവിശേഷതയാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിനായി ഓൺലൈൻ മത്സരവും ഒരുക്കിയിട്ടുണ്ട്. മത്സരത്തോടൊപ്പം വിദഗ്ദ്ധ പരിശീലനവും നൽകുന്ന രീതിയാണ് ഇത്തവണയും പിന്തുടരുന്നത്. സെപ്റ്റംബർ 15-ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയുടെ ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാലായിൽ നടക്കും. 10 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

നേരത്തെ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് എം.ഡി ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ തുടങ്ങിയവരും വിവിധ ഘട്ടങ്ങളിലെ പോസ്റ്റർ ലോഞ്ചിംഗുകളിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ പ്രചാരണങ്ങൾക്ക് ഓർമ്മ ഭാരവാഹികളായ ജോസ് തോമസ്, എബി ജെ. ജോസ്, കുര്യാക്കോസ് മാണിവയലിൽ, ഷാജി ആറ്റുപുറം, പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണക്കൽ, ഡോ. ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് നേതൃത്വം നൽകിയത്.

ഫിലാഡൽഫിയയിൽ നടന്ന കിക്കോഫ് ചടങ്ങുകൾക്ക് ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, വിൻസെന്റ് ഇമ്മാനുവേൽ, പി.ആർ.ഒ മെർലിൻ മേരി അഗസ്റ്റിൻ, ചാപ്റ്റർ ഭാരവാഹികളായ ഷൈല രാജൻ, സെബിൻ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി. മത്സരത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *