സിഡ്നി: ബോണ്ടി ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഖുർആൻ പാരായണം ചെയ്യുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും ചിത്രീകരിച്ചിട്ടുള്ള വീഡിയോ ഉടനടി പുറത്തുവിടണമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരിനോട് വൺ നേഷൻ നേതാവ് സെനറ്റർ പൗളിൻ ഹാൻസൻ ആവശ്യപ്പെട്ടു. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെ (AFP) പക്കലുള്ള ഈ വീഡിയോ ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമക്കുറിപ്പിലൂടെ അവർ ചോദ്യം ചെയ്തു.
നവീദ് അക്രവും പിതാവും തോക്കുകളുമായി ഇസ്ലാമിക് സ്റ്റേറ്റ് (IS) പതാകയ്ക്ക് മുന്നിലിരുന്ന് ഖുർആൻ ഭാഗങ്ങൾ പാരായണം ചെയ്യുകയും ആക്രമണ പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന രഹസ്യ വീഡിയോ ഫെഡറൽ പൊലീസിന്റെ പക്കലുണ്ടെന്ന് പൗളിൻ ഹാൻസൻ വ്യക്തമാക്കി. തീവ്ര ഇസ്ലാമിക ഭീകരവാദത്തിന്റെ വ്യാപ്തിയെക്കുറിച്ച് സത്യസന്ധമായ വിവരങ്ങൾ അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. വെസ്റ്റേൺ സിഡ്നിയിലെ വോട്ടർമാരെ അതൃപ്തിപ്പെടുത്താതിരിക്കാൻ ലേബർ സർക്കാർ യാഥാർത്ഥ്യം മറച്ചു വെക്കുകയാണെന്നും അവർ ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ രണ്ടു ദിവസത്തോളം പ്രധാനമന്ത്രി ഇതൊരു ഇസ്ലാമിക ഭീകരാക്രമണമാണെന്ന് പറയാൻ വിസമ്മതിക്കുകയും നിയമം പാലിക്കുന്ന തോക്ക് ഉടമകളെ പഴിചാരുകയുമാണ് ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടി.
വിവരവകാശ നിയമപ്രകാരം (FOI) ഈ വീഡിയോ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വൺ നേഷൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഫെഡറൽ പൊലീസ് അത് നിരസിക്കുകയായിരുന്നു. വീഡിയോയുടെ വിശദാംശങ്ങൾ കോടതിയും മാധ്യമങ്ങളും ഇതിനകം പുറത്തുവിട്ടിട്ടുള്ളതിനാൽ ഇത് രഹസ്യമാക്കി വെക്കേണ്ട കാര്യമില്ല. പൊലീസിന്റെ നടപടിക്കെതിരെ ഇൻഫർമേഷൻ കമ്മീഷണർക്ക് അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും ആ നടപടി പൂർത്തിയാകാൻ വർഷങ്ങൾ എടുത്തേക്കാമെന്നും, അതിനാൽ ജനങ്ങൾക്ക് യാഥാർത്ഥ്യം അറിയാൻ സർക്കാർ അടിയന്തരമായി വീഡിയോ പുറത്തുവിടണമെന്നും പൗളിൻ ഹാൻസൻ ആവശ്യപ്പെട്ടു.

