ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ തിങ്കളാഴ്ച ഇറാൻ സന്ദർശിക്കും. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുമുള്ള പാകിസ്താന്റെ മധ്യസ്ഥ നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി സന്ദർശനം സ്ഥിരീകരിച്ചു.
ഇറാൻ–പാകിസ്താൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇറാൻ–യുഎസ് സംഘർഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ പ്രഖ്യാപിച്ച കടുത്ത സാമ്പത്തിക ഉപരോധം, മേഖലയുടെ സുരക്ഷാ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ മുനീർ ഇറാൻ നേതാക്കളുമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ അടുത്തിടെ ഒപ്പുവച്ച പ്രതിരോധ കരാറിന് ശേഷമുള്ള സാഹചര്യം, ഹൂതി വിഷയവും ചർച്ചകളിൽ ഉൾപ്പെടുമെന്നാണ് പാകിസ്താൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കരാറിന്റെ ഭാഗമായി അംഗരാജ്യങ്ങളിലൊന്നിനെതിരായ ആക്രമണം മുഴുവൻ സഖ്യത്തിനെതിരായ ആക്രമണമായി കണക്കാക്കുന്നതാണ് വ്യവസ്ഥ. ഈ കരാറിലേക്ക് ഇറാനെ ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാന്റെ അംഗത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇറാനെതിരെ പ്രഖ്യാപിച്ച പുതിയ യുഎസ് ഉപരോധത്തിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് മുനീറിന്റെ സന്ദർശനം. ഉപരോധം കൂടുതൽ കടുത്തതാകുമെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സമ്പദ്വ്യവസ്ഥ ഇതിനകം ഉപരോധങ്ങളുടെ സമ്മർദത്തിലാണെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാനുമായുള്ള നേരിട്ടുള്ള ബന്ധം ഉപയോഗപ്പെടുത്തി യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത്. സന്ദർശനത്തിന്റെ ഫലവും തുടർചർച്ചകളിലെ പുരോഗതിയും മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കുറയ്ക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

