ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി ആരോപണം; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി എം. ഷൗക്കത്തലിയാണ് മരിച്ചത്. വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഷൗക്കത്തലി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ മരണത്തിന് കേരള മോട്ടോർ വാഹന വകുപ്പാണ് ഉത്തരവാദിയെന്ന് ആരോപിച്ചിരുന്നു. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പുതുക്കുന്നതിനായി പത്ത് മാസത്തോളം ഏജന്റുമാരെയും എംവിഡി ഓഫീസുകളെയും സമീപിച്ചിരുന്നുവെന്നും കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നുമാണ് ആരോപണം.

വാഹനം നിരത്തിലിറക്കാൻ കഴിയാതായതോടെ വരുമാനം നിലച്ചെന്നും വായ്പാ തിരിച്ചടവുകൾ മുടങ്ങിയെന്നും കുറിപ്പിൽ പറയുന്നു. ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായും ഷൗക്കത്തലി ആരോപിച്ചു. എംവിഡിയിലെ ഏജന്റ് സംവിധാനം അഴിമതിക്ക് കാരണമാകുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വാഹനത്തിലെ സ്റ്റീൽ വർക്ക് ചൂണ്ടിക്കാട്ടി ഓട്ടോറിക്ഷ അൺഫിറ്റാണെന്ന് അധികൃതർ വാദിച്ചേക്കാമെന്നും കുറിപ്പിൽ ഷൗക്കത്തലി പറഞ്ഞിരുന്നു. എന്നാൽ ഇതേ വാഹനത്തിന് മുമ്പ് രണ്ടുതവണ എംവിഡി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആഭ്യന്തര വകുപ്പും ഹൈക്കോടതിയും ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഷൗക്കത്തലി ഉന്നയിച്ച ആരോപണങ്ങളിൽ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

മൃതശരീരം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *