തിരുവനന്തപുരം: പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായുള്ള നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകളും ഹെൽപ്പ് ഡെസ്കുകളും ജി.സി.സി. രാജ്യങ്ങളിലും ഉടൻ പ്രവർത്തനസജ്ജമാകും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രവാസികൾക്കായി ശക്തമായ ഒരു നോർക്ക ശൃംഖല കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി 12 മേഖലകളിലായി നാല് വിഷയാധിഷ്ഠിത ഹെൽപ്പ് ഡെസ്കുകൾ സഹിതം ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നേരത്തേ കാനഡയിൽ പൈലറ്റ് അടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിയ മാതൃക പിന്തുടർന്നാണ് കൂടുതൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റ് & നോർത്തേൺ ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സൗത്ത് & സെൻട്രൽ ആഫ്രിക്ക എന്നീ മേഖലകളിൽ ഇതിനകം ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകൾ നിലവിൽ വന്നുകഴിഞ്ഞു. ആഗോളതലത്തിലെ പ്രവർത്തനങ്ങളുടെ സംയോജനത്തിനായുള്ള കോ-ഓർഡിനേഷൻ ഡെസ്ക്, സുരക്ഷിത കുടിയേറ്റത്തെക്കുറിച്ച് അവബോധം നൽകുന്ന മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുന്ന ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കേരള ഡെവലപ്‌മെന്റ് ഡെസ്ക് എന്നീ നാല് പ്രധാന വിഭാഗങ്ങളാണ് ഈ കൗൺസിലുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നത്.
നിലവിൽ ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഈസ്റ്റ് ഏഷ്യ, ആസിയാൻ രാജ്യങ്ങൾ, ഈസ്റ്റേൺ യൂറോപ്പ് & റഷ്യ, ഇറ്റലി & മാൾട്ട, യുകെ & അയർലണ്ട് തുടങ്ങിയ മേഖലകളിൽ കൗൺസിലുകൾ രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷമാണ് മലയാളി പ്രവാസികൾ ഏറെയുള്ള ജി.സി.സി ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലിന്റെയും ഹെൽപ്പ് ഡെസ്കുകളുടെയും പ്രവർത്തനം വ്യാപിപ്പിക്കുക. ഈ കോ-ഓർഡിനേഷൻ കൗൺസിലുകളുടെയും ഹെൽപ്പ് ഡെസ്കുകളുടെയും എല്ലാവിധ പ്രവർത്തനങ്ങളും പൂർണമായും സന്നദ്ധ അടിസ്ഥാനത്തിലായിരിക്കും ഏകോപിപ്പിക്കുക.

