കാഠ്മണ്ഡു: നേപ്പാളിലെ മനാങ് ജില്ലയിൽ ഹിമ്ലങ് ഹിമാലയ പർവതത്തിലെ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. വ്യാഴാഴ്ച എട്ട് മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഒരാളെ ഇപ്പോഴും കണ്ടെത്താനുണ്ട്.
7,126 മീറ്റർ ഉയരമുള്ള ഹിമ്ലങ് ഹിമാലയത്തിൽ വിദേശ പർവതാരോഹകർക്കായി ക്യാമ്പും കയറാനുള്ള പാതയും ഒരുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 16 നേപ്പാൾ സ്വദേശികളായ ജീവനക്കാരും ഗൈഡുമാരുമാണ് അന്ന് ക്യാമ്പിലുണ്ടായിരുന്നത്. വിദേശ പർവതാരോഹകർ അപകടസമയത്ത് സ്ഥലത്തെത്തിയിരുന്നില്ല.
കനത്ത മഞ്ഞുവീഴ്ചയും മഴയും രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസ്സമായി. പിന്നീട് പ്രത്യേക പരിശീലനം ലഭിച്ച പർവത ഗൈഡുകളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശേഷിക്കുന്ന ഒരാൾക്കായുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും തുടരുകയാണ്.
അപകടം ഈ വർഷത്തെ ശരത്കാല പർവതാരോഹണ സീസണിലെ ഏറ്റവും വലിയ ദുരന്തമായി മാറിയതായി റിപ്പോർട്ടുകളുണ്ട്.

