9 പോയിന്റ് പിന്നിൽനിന്ന് തിരിച്ചുവന്ന് സുജീതിന് സ്വർണം; ഇന്ത്യയ്ക്ക് 15-ാം പൊൻമെഡൽ

നാഗോയ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുജീത് കാൽകലിന് സ്വർണം. താജിക്കിസ്ഥാന്റെ അബ്ദുൽമജീദ് കുദിയേവിനെ 10-9ന് തോൽപ്പിച്ചാണ് സുജീത് സ്വർണം നേടിയത്.

ഫൈനലിൽ ഒരുഘട്ടത്തിൽ 2-9ന് പിന്നിലായിരുന്ന സുജീത് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മത്സരം അവസാനിക്കാൻ 1 മിനിറ്റും 15 സെക്കൻഡും ബാക്കിയിരിക്കെ 6-9 എന്ന നിലയിലായിരുന്നു താരം. തുടർന്ന് രണ്ട് പോയിന്റ് നേടി 8-9ലെത്തിയ സുജീത്, 50 സെക്കൻഡ് ശേഷിക്കെ നിർണായക നീക്കത്തിലൂടെ രണ്ട് പോയിന്റ് കൂടി സ്വന്തമാക്കി 10-9ന് വിജയം ഉറപ്പിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഗുസ്തിയിലെ ആദ്യ സ്വർണമാണിത്. 65 കിലോഗ്രാം വിഭാഗത്തിൽ മുമ്പ് ബജ്രംഗ് പുനിയയും യോഗേശ്വർ ദത്തും ഏഷ്യൻ ഗെയിംസ് സ്വർണം നേടിയിട്ടുണ്ട്.

ഇതോടെ 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 15 ആയി.

Leave a Reply

Your email address will not be published. Required fields are marked *