ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് കോൺഗ്രസിൽ പ്രമേയം

വാഷിങ്ടൺ: ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണത്തിനിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധിസഭയിൽ പ്രമേയം. ന്യൂജഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഗോട്ട്ഹൈമറാണ് പ്രമേയം അവതരിപ്പിച്ചത്. റിപ്പബ്ലിക്കൻ പ്രതിനിധികളായ മൈക്കൽ മക്കോൾ, ഡോൺ ബേക്കൺ എന്നിവർ സഹപ്രായോജകരാണ്.

H. Res. 1612 എന്ന പ്രമേയം ഒക്ടോബർ അഞ്ചിനാണ് ജനപ്രതിനിധിസഭയിൽ സമർപ്പിച്ചത്. ഫ്ലൈദുബായ് ഫ്ലൈറ്റ് 1073-ലെ ക്യാപ്റ്റൻ മച്ചാർ, ജീവനക്കാർ, യാത്രക്കാർ എന്നിവരെ ആദരിക്കുന്നതിനൊപ്പം വിമാനത്തിലുണ്ടായ ആക്രമണത്തെ ഭീകരപ്രവർത്തനമായി അപലപിക്കുകയും ചെയ്തു. പ്രമേയം ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.

സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്കു പോയ വിമാനത്തിനിടെ സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറിനെ കോക്പിറ്റിൽ ആക്രമിക്കുകയും നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പ്രമേയത്തിൽ പറയുന്നത്. ആക്രമണത്തിനിടെ വിമാനം 30 സെക്കൻഡിനുള്ളിൽ 14,000 അടി ഉയരം നഷ്ടപ്പെടുത്തിയതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർക്ക് അകത്ത് പ്രവേശിക്കാനും വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കാനും കഴിഞ്ഞു.

കോക്പിറ്റ് സുരക്ഷിതമാക്കുന്നതിലും വിമാനം സുരക്ഷിതമായി നിലത്തിറക്കുന്നതിലും സഹായിച്ച ഓഫ് ഡ്യൂട്ടി പൈലറ്റുമാരെയും ക്യാബിൻ ജീവനക്കാരെയും യാത്രക്കാരെയും പ്രമേയം അഭിനന്ദിക്കുന്നു. മച്ചാറിനും പരിക്കേറ്റ മറ്റുള്ളവർക്കും പൂർണ സുഖം ആശംസിക്കുകയും ചെയ്തു. സംഭവത്തിൽ സൗദി അറേബ്യയും യുഎഇയും സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തണമെന്നും യുഎസിനെയും ഇസ്രയേലിനെയും അന്വേഷണ വിവരങ്ങൾ അറിയിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *