ദോഹ: ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഖത്തറിന്റെ വടക്കൻ തീരത്തിനു സമീപം ‘ഏസേർസ്’ (Acers) എന്ന എണ്ണ-രാസവസ്തു ടാങ്കർ കപ്പലിനു നേരെ ആക്രമണം. ഒന്നിലധികം പ്രൊജക്ടൈലുകൾ കപ്പലിൽ പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിൽ ജീവനക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരുടെ കൃത്യമായ എണ്ണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഖത്തറിന്റെ വടക്കൻ തീരത്തിനു സമീപം ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിൽനിന്ന് ഏകദേശം 500 കിലോമീറ്റർ പടിഞ്ഞാറായാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കയും ഇസ്രയേലും ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതിനുശേഷം ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുന്നതും എണ്ണക്കടത്തിന് നേരിടുന്ന ഭീഷണിയും അന്താരാഷ്ട്ര എണ്ണവിപണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഒക്ടോബർ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ ഹോർമുസ് കടലിടുക്കിനു സമീപം എണ്ണ, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി), ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) എന്നിവ കൊണ്ടുപോകുന്ന ടാങ്കറുകൾക്കു നേരെ കുറഞ്ഞത് 12 ആക്രമണങ്ങൾ നടന്നതായി സുരക്ഷാ ഏജൻസികളുടെ കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. സംഘർഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര കണക്കാണിത്.
അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം സംബന്ധിച്ച് ഇറാനും അമേരിക്കയും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, കപ്പൽഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നുണ്ടെന്നാണ് അമേരിക്കയുടെ വാദം.
ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഘർഷം തുടരുന്നത് അന്താരാഷ്ട്ര വ്യാപാരത്തെയും ഊർജവിപണിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

