റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണത്തിൽ പൈലറ്റ് ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ വിവിധ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം. തുടർന്ന്, റൺവേയിൽ നിർത്തിയിട്ടിരുന്ന സൗദി എയർലൈൻസ് വിമാനത്തിന് നേരെ രണ്ടാമതും ആക്രമണമുണ്ടായി.

കൊല്ലപ്പെട്ട മൂന്ന് പേരും സൗദി പൗരന്മാരാണ്. സൗദിയ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അൽ-ഖൽതമിയാണ് മരിച്ച ഒരാളെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണസമയത്ത് വിമാനത്തിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റു. എമർജൻസി റെസ്‌പോൺസ് ടീം സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി.

ആക്രമണത്തിന് പിന്നാലെ സഖ്യസേന ശക്തമായ തിരിച്ചടി നൽകിയതായി സഖ്യസേനാ വക്താവ് തുർകി അൽ മാലികി അറിയിച്ചു. ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ തകർത്തതായും നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *