മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീഴ്ത്തി തുറമുഖം നിർമ്മിക്കില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീഴ്ത്തിക്കൊണ്ടല്ല സർക്കാർ തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അവർക്ക് അർഹമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും പൂർണ്ണമായി നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടെ ഉയരുന്ന തുറമുഖത്ത് മത്സ്യത്തൊഴിലാളികൾക്ക് അർഹമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും അവരെ ബാധിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

അതേസമയം, കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതി മുഖ്യമന്ത്രി തള്ളി. എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ നയങ്ങൾക്കും രീതികൾക്കും അനുസൃതമായാണ് നടപ്പാക്കുന്നതെന്നും, മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് ഓരോ നടപടിയെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. വിഷയത്തിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തുന്നത്.

മുഖ്യമന്ത്രി പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് തീരുമാനങ്ങളെടുക്കുന്നുവെന്നും, മുന്നണി കൺവീനറെ തഴഞ്ഞ് കാര്യങ്ങൾ മാധ്യമങ്ങളിലൂടെ മാത്രം അറിയേണ്ട സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നു. മഹിളാ കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും വിയോജിപ്പുകൾ അറിയിച്ച അടൂർ പ്രകാശ്, വിഷയത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *