മെൽബൺ: ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സിന്റെ (ഡി.വി.എ) നേതൃത്വത്തിൽ നടത്തിവന്ന ‘മേറ്റ്സ്’ (MATES) പദ്ധതിയുടെ ഭാഗമായി മുൻ സൈനികരുടെയും കുടുംബാംഗങ്ങളുടെയും അതീവ രഹസ്യ സ്വഭാവമുള്ള മെഡിക്കൽ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ 20 വർഷത്തോളം കൈമാറിയതായി പരാതി. സംഭവത്തിൽ ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമുഖ നിയമ സ്ഥാപനമായ ഗോർഡൻ ലീഗൽ വിക്ടോറിയ സുപ്രീം കോടതിയിൽ ക്ലാസ് ആക്ഷൻ ഹർജി ഫയൽ ചെയ്തു.
ഏകദേശം മൂന്ന് ലക്ഷത്തിലധികം വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടതെന്നാണ് നിയമ സ്ഥാപനത്തിന്റെ വിലയിരുത്തൽ. 2004 മുതൽ 2024 വരെയുള്ള കാലയളവിൽ ഇവരുടെ പേരുകൾ, വിലാസങ്ങൾ, രോഗവിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയുമായി ഡി.വി.എ പങ്കുവെച്ചെന്നാണ് പ്രധാന ആരോപണം. പ്രസ്തുത ഗവേഷണ പദ്ധതിയുടെ നൈതിക അനുമതി പിൻവലിക്കപ്പെട്ടതിനെത്തുടർന്ന് 2024 ഫെബ്രുവരിയിൽ പദ്ധതി നിർത്തിവെച്ചിരുന്നു. ഇതിനകം ആറായിരത്തിലധികം ആളുകൾ നിയമനടപടിയുടെ ഭാഗമാകാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ, പങ്കെടുത്തവരുടെ സമ്മതവുമായി ബന്ധപ്പെട്ട സംശയങ്ങളെത്തുടർന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ഈ പഠനവുമായി ബന്ധപ്പെട്ട രണ്ട് പ്രബന്ധങ്ങൾ ഫ്ലാഗ് ചെയ്തിരുന്നു.
അതേസമയം, പദ്ധതി പ്രവർത്തിച്ചിരുന്നത് കൃത്യമായ നൈതിക അനുമതിയോടെയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് വ്യക്തമാക്കി. 930 ആശുപത്രി പ്രവേശനങ്ങളും 140 മരണങ്ങളും ഒഴിവാക്കാൻ പദ്ധതി സഹായകരമായിട്ടുണ്ടെന്ന് മുൻപ് അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഡി.വി.എ അറിയിച്ചു.

