ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതായി പരാതി. രാവിലെ പതിനൊന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ മൂന്നര മണിക്കൂർ പിന്നിട്ട ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
പിണറായി വിജയനൊപ്പം വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ചെങ്കിലും അധികൃതർ അത് പൂർണ്ണമായും അവഗണിക്കുകയായിരുന്നു. വാഹനത്തിൽ കറക്കിയതുമൂലം അദ്ദേഹത്തിന്റെ ഭക്ഷണവും മരുന്നും മുടങ്ങിയെന്നും മുതിർന്ന ഒരു നേതാവിനോട് തികച്ചും മോശമായാണ് ഡൽഹി പൊലീസ് പെരുമാറിയതെന്നും നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.
നേരത്തെ, കേരള ഹൗസിൽ നിന്ന് മാർച്ചൊരുങ്ങുന്നതിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി തുടങ്ങിയവരെയും പ്രതിഷേധ സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

