മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണയുമായി മുംബൈയിലും പ്രതിഷേധം. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രതിഷേധിച്ച സാമൂഹിക പ്രവർത്തകൻ തുഷാർ ഗാന്ധി ഉൾപ്പെടെ 200ലേറെപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവർത്തകരും തുഷാർ ഗാന്ധി നേതൃത്വം നൽകുന്ന ‘ഹം ഭാരത് കേ ലോഗ്’ സംഘടനയിലെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ തുഷാർ ഗാന്ധിയെ ബാന്ദ്രയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഡി.എൻ. നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. സാമൂഹിക പ്രവർത്തകൻ ഫിറോസ് മിത്തിബോർവാലയെയും താമസസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് ആഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രതിഷേധം അനുവദനീയമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെ വിമർശനമുയർന്നു. പ്രതിഷേധത്തിനിടെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദീപിക റിപ്പോർട്ട് ചെയ്തു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട നടപടികളിൽ പ്രതിഷേധിച്ചുമാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം. ഡൽഹിയിൽ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

