ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് നിയന്ത്രണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ഡൽഹിയെ ഒരു ജയിലാക്കി മാറ്റിയിരിക്കുന്നതെന്നും തലസ്ഥാന നഗരിയെ കേന്ദ്ര സർക്കാർ കോട്ടയാക്കി മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധക്കാരെ മർദിക്കുകയാണെന്നും ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഗ്യാനേഷ് കുമാർ എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്നും രാഹുൽ ചോദിച്ചു. ഭരണഘടനാ സംരക്ഷണത്തിനായുള്ള ഈ പോരാട്ടം ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ലെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി, സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സംവിധാനങ്ങളിൽ നിന്നുപോലും വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഭരണകൂടത്തിന്റെ നീക്കങ്ങൾ സംബന്ധിച്ച രൂപരേഖ തങ്ങളുടെ പക്കലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉച്ചയ്ക്ക് കൊണാട്ട് പ്ലേസ് ബരാഖംബ ജംഗ്ഷനിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി ഹർജി ഫയൽ ചെയ്യുമെന്നും, ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാനുള്ള ഈ നീക്കത്തിന് എല്ലാ പൗരന്മാരുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

