മെൽബൺ: ഒരു പ്രതിഫലവും ആഗ്രഹിക്കാതെ തികച്ചും അപരിചിതനായ ഒരാൾക്കായി വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ച ഓസ്ട്രേലിയൻ സ്വദേശിയായ ഹ്യൂ പെന്നിങ്ടൺ (Hu Pennington) എന്ന യുവാവ് വഴിതുറന്നത് ഏഴ് പേരുടെ ജീവൻ രക്ഷിച്ച അപൂർവ്വ ശൃംഖലാ ശസ്ത്രക്രിയകൾക്ക്. ഹ്യൂ പെന്നിങ്ടന്റെ നിസ്വാർത്ഥമായ അവയവദാന തീരുമാനം പരസ്പര പൊരുത്തമുള്ള ദാതാക്കളുടെയും സ്വീകർത്താക്കളുടെയും ഒരു തുടർശൃംഖലയ്ക്ക് തുടക്കമിടുകയും, ഒടുവിൽ ഏഴ് രോഗികൾക്ക് ഒരേസമയം പുതുജീവൻ സമ്മാനിക്കുകയുമായിരുന്നു.
അവയവദാന ശസ്ത്രക്രിയ കഴിഞ്ഞ് വെറും മൂന്ന് ദിവസത്തിനകം തന്നെ അദ്ദേഹം ആശുപത്രി വിട്ടു. തുടർന്ന്, വൃക്ക സ്വീകരിച്ചവരിൽ ഒരാൾ അയച്ച പേരുവെക്കാത്ത കത്ത് തന്റെ ജീവിതം ഈ ശസ്ത്രക്രിയയിലൂടെ എങ്ങനെ മാറിമറിഞ്ഞു എന്ന് വ്യക്തമാക്കുന്നതായിരുന്നു.
അവയവദാനത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഹ്യൂവിന്റെ കാരുണ്യപ്രവർത്തനങ്ങൾ. ജീവിതകാലം മുഴുവൻ തന്റെ വരുമാനത്തിന്റെ 10 ശതമാനം മലേറിയ പ്രതിരോധം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്. “എന്റെ ജീവിതത്തിൽ വളരെ നല്ലൊരു കാര്യം ചെയ്യാൻ കഴിഞ്ഞു, അതിൽ എനിക്ക് അഭിമാനമുണ്ട്,” എന്നാണ് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ഹ്യൂ പെന്നിങ്ടൺ പ്രതികരിച്ചത്. ഒരു വ്യക്തിയുടെ നന്മനിറഞ്ഞ തീരുമാനം എത്രയോ ജീവിതങ്ങളെ മാറ്റിമറിക്കാൻ പര്യാപ്തമാണെന്ന് അടിവരയിടുന്നതാണ് ഈ സംഭവം.

