മെൽബൺ: ജീവിതസമ്പാദ്യമായ ഒരു ലക്ഷത്തിലധികം ഡോളർ മുടക്കി മെൽബണിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ ആരംഭിച്ച കഫേ, തൊട്ടടുത്ത പുകയില വിൽപനശാലയ്ക്ക് നേരെയുണ്ടായ ബോംബേറിലും തീവെപ്പിലും പൂർണമായി തകർന്നു. ആഷിഷ് ശർമ്മ, മുംബൈ സ്വദേശിയായ പേസ്ട്രി ഷെഫ് മനാലി പുരോഹിത് എന്നിവർ ചേർന്ന് ഫിറ്റ്സ്റോയ് നോർത്തിലെ സെന്റ് ജോർജ്ജ് റോഡിൽ ആരംഭിച്ച ‘ആൻഡ് ബൊഡേഗ’ (And Bodega) എന്ന വീഗൻ കഫേയാണ് മൂന്ന് മാസത്തിനുള്ളിൽ അഗ്നിക്കിരയായത്.
അഞ്ച് മാസത്തോളം സ്വന്തം കൈകൊണ്ട് പണിയെടുത്തും പഴയ ഫർണിച്ചറുകൾ ഉപയോഗിച്ച് മോടിപിടിപ്പിച്ചും 2026 ജൂലൈയിലാണ് ദമ്പതികൾ പ്ലാന്റ്-ബേസ്ഡ് കഫേ ആരംഭിച്ചത്. എന്നാൽ ഒക്ടോബർ 12 തിങ്കളാഴ്ച പുലർച്ചെ 3.45-ഓടെ അയൽപക്കത്തെ പുകയിലക്കടയിലേക്ക് അക്രമികൾ അതിക്രമിച്ച് കയറി ബോംബെറിഞ്ഞ് തീവെക്കുകയായിരുന്നു. തുടർന്നുണ്ടായ ഉഗ്രസ്ഫോടനത്തിലും തീപിടിത്തത്തിലും ‘ആൻഡ് ബൊഡേഗ’ ഉൾപ്പെടെ സമീപത്തെ മറ്റ് സ്ഥാപനങ്ങൾക്കും വൻ നാശനഷ്ടമുണ്ടായി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്രമിക്കപ്പെട്ട കടയിൽ അനധികൃത പുകയില ഉൽപന്നങ്ങൾ വിറ്റിരുന്നതായി തെളിവുകളൊന്നുമില്ലെന്നും വിക്ടോറിയ പോലീസ് അറിയിച്ചു.

തൊട്ടടുത്ത് പുതിയ കട വന്നപ്പോൾ പലചരക്ക് കടയായിരിക്കുമെന്നാണ് ദമ്പതികൾ കരുതിയിരുന്നത്. എന്നാൽ അതൊരു പുകയിലക്കടയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആശങ്കയിലായിരുന്നു. വിക്ടോറിയയിൽ പുകയിലക്കടകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ പതിവായതിനാൽ ഉപഭോക്താക്കളും മുൻപ് ഭയം പ്രകടിപ്പിച്ചിരുന്നു. സെപ്റ്റംബർ അവസാനത്തിൽ ഈ കടയുടെ ചില്ലുകൾ തകർക്കപ്പെടുകയും ഭീഷണി കുറിപ്പ് പതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒക്ടോബറിലെ ആക്രമണത്തിന് തൊട്ടുമുൻപും ജനൽച്ചില്ലുകൾ വീണ്ടും തകർത്തിരുന്നു. പുകയില വ്യാപാരവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അയൽപക്കത്തെ കടയെ ലക്ഷ്യമിട്ടുണ്ടായ അക്രമം ദമ്പതികളുടെ ബിസിനസ്സിനെയാണ് കവർന്നെടുത്തത്.
ആക്രമണത്തിൽ ഒരു ലക്ഷത്തിലധികം ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഏകദേശം 25,000 ഡോളർ മാത്രമാണ് ലഭിക്കുകയെന്നതിനാൽ നഷ്ടം നികത്താൻ ഇത് തികയില്ല. ഇതിനിടെ, ദുരന്തം നടന്ന് പിറ്റേന്ന് തന്നെ കേടുപാടുകൾ സംഭവിച്ച കഫേയിൽ നിന്ന് അയ്യായിരം ഡോളർ വിലമതിക്കുന്ന ഉപകരണങ്ങളും സാങ്കേതിക സാമഗ്രികളും മോഷ്ടിക്കപ്പെടുക കൂടി ചെയ്തതോടെ പ്രതിസന്ധി ഇരട്ടിയായി.
എങ്കിലും ബിസിനസ്സ് ഉപേക്ഷിക്കാൻ ഇവർ തയ്യാറല്ല. കോഫിയും ബേക്കറി പലഹാരങ്ങളും വിൽക്കുന്ന ചെറിയ ടേക്ക്എവേ വിൻഡോ മാതൃകയിൽ കഫേ പുനരാരംഭിക്കാനാണ് നിലവിലെ ആലോചന. നഷ്ടപ്പെട്ട ഉപകരണങ്ങൾ വാങ്ങാനും ജീവനക്കാരുടെയും വിതരണക്കാരുടെയും ബാധ്യതകൾ തീർക്കാനും പുതിയ സ്ഥലം കണ്ടെത്താനുമായി ദമ്പതികൾ ക്രൗഡ് ഫണ്ടിംഗ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ദുരന്തമുഖത്ത് സാമ്പത്തിക സഹായങ്ങളും ഫണ്ട് സമാഹരണവുമായി പ്രാദേശിക സമൂഹവും മറ്റ് ചെറുകിട വ്യാപാരികളും ഇവർക്കൊപ്പം നിൽക്കുന്നുണ്ട്. നാട്ടുകാരുടെ വലിയ പിന്തുണ മാത്രമാണ് തങ്ങൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് ആഷിഷ് ശർമ്മ വ്യക്തമാക്കി.

