പാരിസ്: ജീവിതച്ചെലവിലെ വർധനയ്ക്കും പൊതുസേവന മേഖലയിലെ പ്രതിസന്ധികൾക്കുമെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പാരിസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ആഡംബര വസ്തുക്കൾ വിൽക്കുന്ന കടകൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ എന്നിവ കൊള്ളയടിച്ചു. പൊതുകെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരെയും ആക്രമണമുണ്ടായി.
ഒക്ടോബർ 17ന് നടന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ 5.5 ലക്ഷം പേർ പങ്കെടുത്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറൻ നുനെസ് അറിയിച്ചു. സംഘാടകരുടെ കണക്കനുസരിച്ച് പങ്കെടുത്തവരുടെ എണ്ണം എട്ടു ലക്ഷത്തോളമാണ്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പലയിടങ്ങളിലും കടകളുടെ ചില്ലുകൾ തകർത്തു സാധനങ്ങൾ മോഷ്ടിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
പാരിസിൽ ഗാലറി ലഫായെറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ലാക്കോസ്റ്റ് വസ്ത്രശാലയടക്കമുള്ള കടകൾ കൊള്ളയടിക്കപ്പെട്ടു. നൈസ്, ബോർഡോ, ലില്ലെ, മാർസെയ് തുടങ്ങിയ നഗരങ്ങളിലും സമാന സംഭവങ്ങളുണ്ടായി. ലില്ലെയിൽ ആപ്പിൾ സ്റ്റോറിൽനിന്ന് സാധനങ്ങൾ കവർന്നതായും റിപ്പോർട്ടുകളുണ്ട്.
ലിമോജസിൽ 140 വർഷത്തിലേറെ പഴക്കമുള്ള നഗരസഭാ മന്ദിരത്തിന് പ്രതിഷേധത്തിനിടെ തീയിട്ടു. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴുകയും മുൻഭാഗത്തിന്റെ വലിയൊരു ഭാഗം നശിക്കുകയും ചെയ്തു. മാർസെയിലും ലില്ലെയിലും നഗരസഭാ കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. ലിയോണിൽ ടൂറിസ്റ്റ് ഓഫിസിന് തീയിട്ടു.
വിലക്കയറ്റം, ഇന്ധനവില വർധന, വേതനവും പെൻഷനും സംബന്ധിച്ച ആശങ്കകൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങൾ. വിദ്യാർഥികളും തൊഴിലാളി സംഘടനകളും മുൻപ് നടന്ന മഞ്ഞക്കുപ്പായ പ്രക്ഷോഭത്തിൽ പങ്കെടുത്തവരും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ പ്രതിഷേധത്തിൽ അണിനിരന്നു.
അക്രമസംഭവങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. പൊതുമുതലും സ്വകാര്യസ്ഥാപനങ്ങളും ആക്രമിക്കുകയും കൊള്ള നടത്തുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവും അക്രമത്തെ അപലപിച്ചു. സംഭവങ്ങളിൽ 1,200 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

