ഒട്ടാവ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലുള്ള വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ ഗുരുതര സംഭവത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മരണവും പരിക്കുകളും സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പ്രതിരോധമന്ത്രി ഡേവിഡ് മക്ഗിൻറ്റി അറിയിച്ചു.
ശനിയാഴ്ചയാണ് (ഒക്ടോബർ 17) കനേഡിയൻ ഫോഴ്സസ് ബേസ് വെയ്ൻറൈറ്റിൽ സംഭവം ഉണ്ടായത്. തീ സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ അഗ്നിരക്ഷാസേനയും അടിയന്തരസേവന വിഭാഗങ്ങളും രക്ഷാപ്രവർത്തനം ഊർജിതമാക്കി. ശക്തമായ കാറ്റ് തീ നിയന്ത്രിക്കുന്നതിന് തടസ്സമായതായി അധികൃതർ അറിയിച്ചു.
തീപിടിത്തം സൈനിക താവളത്തിന്റെ അതിർത്തി കടന്ന് സമീപ പ്രദേശത്തേക്കും വ്യാപിച്ചതായി വെയ്ൻറൈറ്റ് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. എന്നാൽ, പ്രദേശവാസികളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടില്ല. ജനങ്ങളുടെയും വീടുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് രക്ഷാപ്രവർത്തകർ മുൻഗണന നൽകുന്നത്.
സംഭവത്തെക്കുറിച്ച് കനേഡിയൻ സൈന്യവും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും സംയുക്തമായി അന്വേഷണം നടത്തുകയാണ്. പ്രധാനമന്ത്രി മാർക്ക് കാർണി, ആൽബർട്ട പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേൽ സ്മിത്ത് എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ, പ്രാദേശിക ഭരണകൂടങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
എഡ്മണ്ടണിൽനിന്ന് ഏകദേശം 210 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന വെയ്ൻറൈറ്റ് സൈനിക താവളം കാനഡയിലെ പ്രധാന സൈനിക പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. സംഭവത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

