പട്ടാമ്പി: വിവാഹ വാഗ്ദാനം നൽകി പട്ടാമ്പി സ്വദേശിനിയായ യുവതിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലി (30) യെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ഇയാളെ ഈ കേസിൽ അറസ്റ്റ് ചെയ്തത്.
മാട്രിമോണിയൽ സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. താൻ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നത്. മാട്രിമോണിയൽ സൈറ്റുകൾ വഴി പ്രധാനമായും വിവാഹമോചിതരെയും പ്രായമായ സ്ത്രീകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ക്രെഡിറ്റ് കാർഡ് വഴിയും നേരിട്ടും പണം കൈക്കലാക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാനമായ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതുവരെ ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകിയും ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചും നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടാമ്പി പോലീസ് നിർദ്ദേശം നൽകി. ഓൺലൈൻ വഴി പരിചയപ്പെടുന്ന വ്യക്തികളുടെ പശ്ചാത്തലം പൂർണ്ണമായും ഉറപ്പുവരുത്തണമെന്നും, സംശയാസ്പദമായ രീതിയിൽ പണം ആവശ്യപ്പെടുന്നവർക്കെതിരെ ഉടൻ തന്നെ പോലീസിൽ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.

