ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ പാർക്കിലൂടെ ഓടുന്നതിനിടെ ഇന്ത്യൻ വംശജനായ റിയൽ എസ്റ്റേറ്റ് ഏജന്റിന് വളർത്തുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതര പരിക്ക്. 37-കാരനായ അജയ് മാലിക്കിനാണ് രണ്ട് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 6:15-ഓടെ ചെർംസൈഡിലെ കിറ്റിഹോക്ക് ഡ്രൈവിലുള്ള സെവൻത് ബ്രിഗേഡ് പാർക്കിലെ ബൈക്ക് പാതയിലായിരുന്നു സംഭവം.
ഗുരുതരാവസ്ഥയിലായ മാലിക്കിനെ ഉടൻ തന്നെ റോയൽ ബ്രിസ്ബെയ്ൻ ആൻഡ് വിമൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുഖത്തും ഇരു കൈകളിലും ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. സംഭവം കുടുംബത്തെ കടുത്ത മാനസികാഘാതത്തിലാക്കിയെന്നും അദ്ദേഹത്തിന് ദീർഘനാളത്തെ ചികിത്സ ആവശ്യമായി വരുമെന്നും ഭാര്യ അറിയിച്ചതായി ‘7News’ റിപ്പോർട്ട് ചെയ്തു. ദാരുണമായ സംഭവത്തിൽ ഇരയായ വ്യക്തിക്കും കുടുംബത്തിനും പിന്തുണയറിയിക്കുന്നതായി ബ്രിസ്ബെയ്ൻ സിറ്റി കൗൺസിൽ വ്യക്തമാക്കി.
ആക്രമണത്തിന് ശേഷം ഓടിപ്പോയ നായ്ക്കൾക്കായി പോലീസും മറ്റ് അധികൃതരും വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിന് രണ്ടു മണിക്കൂറിനുള്ളിൽ ഒരു നായയെ പിടികൂടുകയും, കാണാതായ രണ്ടാമത്തെ നായയെ ശനിയാഴ്ച കണ്ടെത്തുകയും ചെയ്തു. തുടർന്ന് രണ്ട് നായ്ക്കളെയും ബ്രിസ്ബെയ്ൻ സിറ്റി കൗൺസിലിന് കൈമാറി. നായ്ക്കളുടെ ഉടമയായ ലെയ്ല ഇവാൻസ് എന്ന സ്ത്രീയെ മറ്റൊരു കേസിൽ പോലീസ് ഉടൻ അറസ്റ്റ് ചെയ്തെങ്കിലും ഈ സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ല.
പാർക്കിലെ ടെന്റിലാണ് താൻ താമസിച്ചിരുന്നതെന്നും നായ്ക്കളെ അതിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് അവ പുറത്തുചാടിയാണ് ആക്രമണം നടത്തിയത്. രണ്ട് നായ്ക്കളെയും ദയാവധം നടത്താൻ ബ്രിസ്ബെയ്ൻ സിറ്റി കൗൺസിൽ ഉത്തരവിട്ടിട്ടുണ്ട്. ഇതിനെതിരെ അപ്പീൽ നൽകാൻ ഉടമയ്ക്ക് 14 ദിവസത്തെ സമയവും നൽകി.

