കാൻബറ: ഓസ്ട്രേലിയയിലെ ഹിന്ദു സമൂഹത്തിന് സമാധാനപൂർണ്ണവും അർത്ഥവത്തുമായ ദുർഗ്ഗാ പൂജ ആശംസകൾ നേർന്ന് ബഹുസ്വര സംസ്കാര കാര്യ വകുപ്പ് മന്ത്രി ഡോ. ആൻ അലി എം.പി. ദുർഗ്ഗാ ദേവിയെ വണങ്ങാനായി ഒത്തുചേരുമ്പോൾ തിന്മയ്ക്കെതിരെയുള്ള നന്മയുടെ ശാശ്വതമായ വിജയവും ഒപ്പം ധൈര്യം, കാരുണ്യം, കൂട്ടായ്മ എന്നീ മൂല്യങ്ങളുമാണ് സ്മരിക്കപ്പെടുന്നതെന്ന് മന്ത്രി ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കി. പ്രതിസന്ധികളിലും പരസ്പരം കൈകോർത്തു നിൽക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനും ഇത്തരം മൂല്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങളും പ്രയാസങ്ങളും നേരിടുന്ന നേപ്പാളിലെ കുടുംബങ്ങളോടും സമൂഹത്തോടും മന്ത്രി പ്രത്യേക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നേപ്പാളിൽ ഉറ്റവരുള്ള ഓസ്ട്രേലിയൻ പ്രവാസികളുടെയും ദുരന്തബാധിതരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ കൂട്ടിച്ചേർത്തു. കുടുംബങ്ങളെയും സമൂഹത്തെയും തലമുറകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാരമ്പര്യങ്ങളുടെ ആഘോഷം കൂടിയാണ് ദുർഗ്ഗാ പൂജയെന്നും, ആഘോഷങ്ങളിൽ പങ്കുചേരുന്ന എല്ലാവർക്കും കരുത്തും പ്രത്യാശയും നിറഞ്ഞ ആശംസകൾ നേരുന്നതായും മന്ത്രി വ്യക്തമാക്കി

