വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി വൈറ്റ് ഹൗസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് ഭരണതലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്ത രീതിയിൽ വിമർശനം നേരിടുന്ന ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നായിരുന്നു പ്രധാന അഭ്യൂഹം. എന്നാൽ ഹെഗ്സെത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഹെഗ്സെത്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, ഭരണകൂടത്തിൽനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ റൂബിയോയും നിഷേധിച്ചു. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയെന്നത് നേരത്തേ തീരുമാനിച്ച കാര്യമാണെന്ന് റൂബിയോ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഭരണകൂടം വിടുമെന്ന അഭ്യൂഹങ്ങളും റൂബിയോ തള്ളി.
റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഇറാൻ യുദ്ധം കാരണമായെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തെ ശക്തമായി പിന്തുണച്ച ഹെഗ്സെത്തിനെതിരെ പാർട്ടിക്കുള്ളിലും വിമർശനം ഉയർന്നിട്ടുണ്ട്. യുദ്ധം കൈകാര്യം ചെയ്ത രീതി, മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയത്, പ്രതിരോധ വകുപ്പിന്റെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ഡെമോക്രാറ്റുകൾ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.
റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്ക് അടുത്തയാഴ്ച തുടക്കമിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിയന്ത്രണം ജനുവരിയിൽ ഡെമോക്രാറ്റുകൾ ഏറ്റെടുക്കാനിരിക്കെ ഹെഗ്സെത്തിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചകൾ ശക്തമാണ്.
ഇതിനിടെ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നിർണായക പങ്കുവഹിച്ച ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നിനെയും യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറിനെയും മാറ്റുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

