ഏഷ്യൻ പവർ ഇൻഡെക്സ് 2026: ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം; ചൈനയുമായുള്ള അകലം കുറഞ്ഞു

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ ഗവേഷണ സ്ഥാപനമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026ലെ ഏഷ്യ പവർ ഇൻഡെക്സിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. 100ൽ 40.5 പോയിന്റാണ് ഇന്ത്യ നേടിയത്. മുൻവർഷത്തെ അപേക്ഷിച്ച് 0.5 പോയിന്റിന്റെ വർധനയാണിത്. അമേരിക്കയും ചൈനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

78.9 പോയിന്റുമായി അമേരിക്ക ഒന്നാമതും 73.6 പോയിന്റുമായി ചൈന രണ്ടാമതുമാണ്. ജപ്പാൻ (38.6), റഷ്യ (32.2) എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. 2018ൽ സൂചിക ആരംഭിച്ചതിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തിവ്യത്യാസം ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും ചൈനയുടെ മൊത്തത്തിലുള്ള ശക്തി ഇന്ത്യയുടേതിനേക്കാൾ ഏകദേശം 80 ശതമാനം കൂടുതലാണ്.

പ്രതിരോധ മേഖലയിലെ സഹകരണവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ബ്രഹ്മോസ് മിസൈൽ വിൽപ്പനയും ഇന്ത്യയുടെ പ്രതിരോധ ശൃംഖലയെ ശക്തിപ്പെടുത്തിയതായി ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നു. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ സ്ഥിരതയോടെ നിലനിർത്താനായതും ഇന്ത്യയ്ക്ക് നേട്ടമായി. സാംസ്കാരിക സ്വാധീനത്തിലാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ പോയിന്റ് വർധനയുണ്ടായത്. പ്രതിരോധ ശൃംഖല, ഭാവി വിഭവശേഷി, സൈനിക ശേഷി എന്നീ മേഖലകളിലും പുരോഗതിയുണ്ടായി.

അതേസമയം, സാമ്പത്തിക ശേഷിയുടെ സ്കോർ 0.7 പോയിന്റ് കുറഞ്ഞു. സാമ്പത്തിക ശേഷിയിൽ 26.4 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. സൈനിക ശേഷിയിൽ നാലാം സ്ഥാനവും പ്രതിരോധ ശൃംഖലയിൽ ഒൻപതാം സ്ഥാനവുമാണ്. ഭാവി വിഭവശേഷിയിൽ മൂന്നാം സ്ഥാനവും നയതന്ത്ര സ്വാധീനത്തിൽ നാലാം സ്ഥാനവും ഇന്ത്യ നേടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏഷ്യയിലെ ഏറ്റവും ഫലപ്രദമായ പ്രാദേശിക നേതാക്കളിൽ രണ്ടാം സ്ഥാനത്താണ് റിപ്പോർട്ട് വിലയിരുത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങാണ് ഒന്നാമത്. നയതന്ത്ര സ്വാധീനവുമായി ബന്ധപ്പെട്ട വിദഗ്ധ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനനിർണയം.

ഏഷ്യ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളെയും പ്രദേശങ്ങളെയും 131 സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് പവർ ഇൻഡെക്സ് തയ്യാറാക്കുന്നത്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശൃംഖല, നയതന്ത്ര സ്വാധീനം, സാംസ്കാരിക സ്വാധീനം തുടങ്ങി എട്ട് ഘടകങ്ങളാണ് വിലയിരുത്തലിൽ ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *