യൂക്ല: പടിഞ്ഞാറൻ ഓസ്ട്രേലിയൻ അതിർത്തിയിൽ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെ വൻ അന്തർസംസ്ഥാന ലഹരിമരുന്ന് വേട്ട. നവംബർ 19 വ്യാഴാഴ്ച യൂക്ലയ്ക്ക് സമീപം എയർ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഫോർഡ് ട്രാൻസിറ്റ് വാൻ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തിയത്. പടിഞ്ഞാറൻ ഓസ്ട്രേലിയൻ അതിർത്തി കടന്ന് 12 കിലോമീറ്റർ പിന്നിട്ടപ്പോഴായിരുന്നു പോലീസിന്റെ നടപടി.
പ്രാഥമിക പരിശോധനയിൽ വാഹനത്തിൽ നിന്ന് മെത്താംഫെറ്റമിനും ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് ഓസ്ട്രേലിയ സ്വദേശികളായ 22-ഉം 34-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വാനിന്റെ വാതിലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആറ് കിലോ മെത്താംഫെറ്റമിനും ഒരു കിലോ കൊക്കെയ്നും കണ്ടെത്തിയത്.
വിൽപ്പനയ്ക്കും വിതരണത്തിനുമായി ലഹരിമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. റിമാൻഡിലായ പ്രതികളെ 2027 ജനുവരി ഏഴിന് കാൽഗൂർലി മജിസ്ട്രേറ്റ് കോടതിയിൽ വീണ്ടും ഹാജരാക്കും.

