കുട്ടികളുടെ സുരക്ഷയുടെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു; ഡിജിറ്റൽ നിയമത്തിനെതിരെ ആഞ്ഞടിച്ച് പോളിൻ ഹാൻസൺ

കാൻബെറ: കുട്ടികളുടെ സുരക്ഷയുടെ മറവിൽ ഓസ്‌ട്രേലിയൻ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാണ് ആന്റണി ആൽബനീസ് സർക്കാർ ശ്രമിക്കുന്നതെന്ന് വൺ നേഷൻ നേതാവ് സെനറ്റർ പോളിൻ ഹാൻസൺ ആരോപിച്ചു. ലേബർ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമങ്ങൾക്കെതിരെ സെനറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെയുള്ള ഈ നിയമനിർമ്മാണം ഓൺലൈനിൽ ആളുകൾക്ക് പറയാനും കാണാനും സാധിക്കുന്ന കാര്യങ്ങൾക്ക് മേൽ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്താൻ ഇടയാക്കുമെന്ന് ഹാൻസൺ അവകാശപ്പെട്ടു. വ്യാജവാർത്തകളെയും രാഷ്ട്രീയ തീവ്രനിലപാടുകളെയും കുറിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ് നടത്തിയ പരാമർശങ്ങളും, പരമ്പരാഗത വിവാഹരീതികളെയും സ്ത്രീകളുടെ കുടുംബപരമായ ഉത്തരവാദിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങളെക്കുറിച്ച് ലേബർ സെനറ്റർ എല്ലി വൈറ്റേക്കർ നടത്തിയ പ്രസ്താവനകളും അവർ ചൂണ്ടിക്കാട്ടി. കുടുംബത്തിന് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകളെയോ ഭർത്താക്കന്മാരെ സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് ഹാൻസൺ ചോദിച്ചു. കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതും ഓൺലൈൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും അനിവാര്യമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, അത് മുതിർന്നവരുടെ ആവിഷ്കാര സ്വാതന്ത്ര്യം കവരാനുള്ള ന്യായീകരണമാകരുതെന്നും അവർ വ്യക്തമാക്കി.

അതേസമയം, ആൽബനീസ് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും പോളിൻ ഹാൻസൺ രൂക്ഷവിമർശനം ഉന്നയിച്ചു. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ കുടുംബങ്ങൾ ഇതിനകം തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന് അവർ ആരോപിച്ചു. പാർലമെന്റ് ഹൗസ് പുൽത്തകിടിയിൽ സംസാരിക്കവെ, ചെറുകിട ബിസിനസ്സ് മേഖലയിൽ 25 വർഷം പ്രവർത്തിച്ച സ്വന്തം അനുഭവങ്ങളും അവർ പങ്കുവെച്ചു.

ഉയർന്ന വൈദ്യുതി നിരക്കുകൾ, നികുതികൾ, തൊഴിൽ നിയമങ്ങൾ, വർദ്ധിച്ചുവരുന്ന നിയന്ത്രണങ്ങൾ എന്നിവ കാരണം ചെറുകിട വ്യവസായങ്ങൾ വലിയ പ്രതിസന്ധിയിലാണെന്ന് ഹാൻസൺ പറഞ്ഞു. കുടുംബം പോറ്റുന്നതിനൊപ്പം ദീർഘസമയം ജോലി ചെയ്യുന്നതിന്റെയും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന്റെയും ബിസിനസ്സ് ചെലവുകൾ കണ്ടെത്തുന്നതിന്റെയും സമ്മർദ്ദം തനിക്ക് നന്നായി അറിയാമെന്നും അവർ വ്യക്തമാക്കി. വൺ നേഷൻ പാർട്ടിയിലെ മൂന്നിൽ രണ്ട് എം.പിമാരും ചെറുകിട ബിസിനസ്സുകൾ നടത്തിയിട്ടുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ ഹാൻസൺ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന വ്യവസായികൾ, കർഷകർ, നിർമ്മാതാക്കൾ എന്നിവർക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *