മെൽബൺ: നവംബറിൽ നടക്കുന്ന വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുമുള്ള പത്തുവർഷത്തെ സാമ്പത്തിക കർമ്മപദ്ധതിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രതിപക്ഷ നേതാവും ലിബറൽ പാർട്ടി നേതാവുമായ ജെസ് വിൽസൺ എം.പി പ്രഖ്യാപിച്ചു. താൻ നയിക്കുന്ന സർക്കാരിന് കീഴിൽ പുതിയ നികുതികളൊന്നും ഉണ്ടാകില്ലെന്നും, നിലവിലെ പല നികുതികളും പൂർണ്ണമായും പിൻവലിക്കുമെന്നും അവർ ഉറപ്പുനൽകി.
ഡോക്ടർമാർക്കും (GP) സ്കൂളുകൾക്കും മേൽ ചുമത്തിയിട്ടുള്ള പേറോൾ നികുതി (Payroll Tax) പൂർണ്ണമായും ഒഴിവാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ഇത് ചികിത്സാ ചെലവുകളും സ്കൂൾ ഫീസും കുറയ്ക്കാൻ സഹായിക്കും. വീടുകൾക്കും ബിസിനസ്സുകൾക്കും കർഷകർക്കും ഭാരമാകുന്ന എമർജൻസി സർവീസസ് നികുതി റദ്ദാക്കും. 10 ലക്ഷം ഡോളർ വരെയുള്ള വീടുകൾ ആദ്യമായി വാങ്ങുന്നവരെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതിനൊപ്പം, ഭൂനികുതി രഹിത പരിധി 50,000 ഡോളറിൽ നിന്നും അഞ്ച് വർഷം കൊണ്ട് 3,00,000 ഡോളറായി ഉയർത്തുകയും ചെയ്യും. ഇതിലൂടെ 2.8 ലക്ഷം വിക്ടോറിയക്കാർക്ക് പ്രതിവർഷം 975 ഡോളർ വരെ ലാഭിക്കാനാകും. ഇതിന് പുറമെ ഷോർട്ട്-സ്റ്റേ അക്കോമഡേഷൻ നികുതിയും പിൻവലിക്കും.
ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനും, 26 ബില്യൺ ഡോളർ ലാഭിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് അനാവശ്യ സർക്കാർ ചെലവുകൾ വെട്ടിക്കുറച്ച് 2032-ഓടെ സംസ്ഥാന ബജറ്റ് മിച്ചത്തിലാക്കുന്നതിനും പത്തുവർഷത്തെ സാമ്പത്തിക പദ്ധതി നടപ്പിലാക്കും. യാത്രാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോൾ നിരക്കുകൾ ആഴ്ചയിൽ പരമാവധി 50 ഡോളറായി പരിമിതപ്പെടുത്തുകയും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 5 ബില്യൺ ഡോളർ വകയിരുത്തുകയും ചെയ്യും.
കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി 3,000 പുതിയ പോലീസുകാരെ നിയമിക്കുകയും, അടച്ചുപൂട്ടിയതോ പ്രവർത്തന സമയം കുറച്ചതോ ആയ 40-ലധികം പോലീസ് സ്റ്റേഷനുകൾ വീണ്ടും തുറക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസന ഫണ്ടിന്റെ 25 ശതമാനം റീജിയണൽ വിക്ടോറിയയ്ക്കായി ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
“നികുതി ഭാരം കുറച്ച്, ബിസിനസ്സുകളെ പ്രോത്സാഹിപ്പിച്ച്, വിക്ടോറിയക്കാർക്ക് വേണ്ടി യഥാർത്ഥത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ വാഗ്ദാനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ നവംബറിൽ വിക്ടോറിയയ്ക്ക് ഒരു പുതിയ തുടക്കം കുറിക്കേണ്ട സമയമായിരിക്കുന്നു,” ജെസ് വിൽസൺ വ്യക്തമാക്കി.

