ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി അസാധാരണമായ ധീരത കാഴ്ചവെച്ച സൈനികരോടുള്ള ആദരസൂചകമായി, ചക്ര പരമ്പരയിലെ ധീരതാ പുരസ്കാര ജേതാക്കൾക്ക് ലഭിച്ചിരുന്ന സൗജന്യ ട്രെയിൻ യാത്രാ ആനുകൂല്യം വന്ദേ ഭാരത് ഉൾപ്പെടെ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു. നിലവിലുള്ള അർഹതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഈ സൗകര്യം വിപുലീകരിച്ചിരിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ കരസേന തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന തീരുമാനം പുറത്തുവിട്ടത്.
പ്രതിരോധ മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് റെയിൽവേ മന്ത്രാലയം ഈ നിർണ്ണായക നടപടി സ്വീകരിച്ചത്. നേരത്തെ രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ ചില നിബന്ധനകൾക്ക് വിധേയമായിട്ടായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള മുഴുവൻ ട്രെയിനുകളിലും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ സൗജന്യമായി യാത്ര ചെയ്യാൻ ഇവർക്ക് സാധിക്കും.

