സ്വന്തമായി പിൻകോഡുള്ള അയ്യപ്പസന്നിധിയിൽ ഇനി 24 മണിക്കൂറും ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും
ശബരിമല: കാനനപാത താണ്ടി അയ്യപ്പദർശനത്തിനായി സന്നിധാനത്തെത്തുന്ന ഓരോ ഭക്തന്റെയും മനസ്സിൽ മായാതെ പതിയുന്ന ചില അപൂർവ കാഴ്ചകളുണ്ട്. അതിലൊന്നാണ് പതിനെട്ടാം പടിയുടെ പുണ്യസ്മരണകൾ പേറുന്ന സന്നിധാനം പോസ്റ്റ് ഓഫീസ്. ഭക്തിയും ചരിത്രവും കൈകോർക്കുന്ന ഈ തപാൽ കേന്ദ്രം, ഭാരതീയ തപാൽ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒരിടമാണ്. വർഷത്തിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം വാതിൽ തുറക്കുന്ന ഈ പോസ്റ്റ് ഓഫീസ്, പതിറ്റാണ്ടുകളായി അയ്യപ്പഭക്തരുടെ വൈകാരികവും ആത്മീയവുമായ യാത്രയുടെ ഭാഗമാണ്. ഈ മണ്ഡലകാലത്തും പോസ്റ്റ് ഓഫീസിലെത്തി കാർഡിൽ പ്രിയപ്പെട്ടവർക്ക് കത്തെഴുതിയും പ്രസാദം പാഴ്സലായി അയച്ചും സന്നിധാനത്തെ ഓർമ്മകൾ കുറിക്കുന്ന തീർത്ഥാടകർ നിരവധിയാണ്.
1963-ലെ തുടക്കവും ‘689713’ എന്ന പ്രത്യേക പിൻകോഡും
1963-ലാണ് സന്നിധാനത്ത് തപാൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ‘689713’ എന്നതാണ് അയ്യപ്പസന്നിധിയുടെ സ്വന്തം പിൻകോഡ്. എന്നാൽ ഈ പോസ്റ്റ് ഓഫീസിനെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത് 1974-ൽ നിലവിൽ വന്ന പ്രത്യേക തപാൽ മുദ്രയാണ് (Special Cancellation Stamp). പതിനെട്ടാം പടിയും അതിനുമുകളിൽ വിരാജിക്കുന്ന അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത ഈ അപൂർവ മുദ്ര ഭക്തർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും (ഫിലാറ്റലിസ്റ്റുകൾ) ഒരുപോലെ കൗതുകവും അഭിമാനവുമാണ്.
ഇവിടെനിന്ന് അയക്കുന്ന ഓരോ കത്തിലും പോസ്റ്റ്കാർഡിലും ഈ പുണ്യമുദ്ര പതിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ, ഈ മുദ്ര പതിപ്പിച്ച പോസ്റ്റ്കാർഡുകൾ സ്വന്തം മേൽവിലാസത്തിലേക്കും ബന്ധുക്കൾക്കും അയക്കുന്നത് ഒരു ആചാരം പോലെ തുടരുന്നു. മകരവിളക്ക് മഹോത്സവത്തിന് ശേഷം നട അടയ്ക്കുന്നതോടെ ഈ ചരിത്രമുദ്ര സുരക്ഷിതമായി പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ ഓഫീസിലേക്ക് മാറ്റും. പിന്നീട് അടുത്ത തീർത്ഥാടന കാലത്ത് നട തുറക്കുമ്പോൾ മാത്രമേ ഇത് വീണ്ടും സന്നിധാനത്തേക്ക് കൊണ്ടുവരികയുള്ളൂ.

തിരക്കൊഴിവാക്കി പ്രസാദം വീട്ടിലെത്താൻ 24 മണിക്കൂർ കൗണ്ടർ
2026-27 തീർത്ഥാടന കാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ അരവണ-അപ്പം വിതരണ കൗണ്ടറുകൾക്ക് സമീപം പ്രവർത്തിക്കുന്ന ഈ സേവനകേന്ദ്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഉദ്ഘാടനം ചെയ്തത്.
ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തർക്ക് പ്രസാദം കൈയിൽ ചുമന്നുകൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കി, സ്പീഡ് പോസ്റ്റ് വഴി രാജ്യത്തിന്റെ ഏത് കോണിലുമുള്ള വീടുകളിലേക്ക് സുരക്ഷിതമായി പ്രസാദം അയക്കാൻ ഇതിലൂടെ സാധിക്കും. അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദത്തിന്റെ വിലയും തപാൽ നിരക്കും ഒരുമിച്ച് നൽകി ഈ കൗണ്ടറിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യാം. ഇനി ദേവസ്വം കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങിയ അരവണയാണെങ്കിൽ, തപാൽ നിരക്ക് മാത്രം നൽകി സ്പീഡ് പോസ്റ്റ് വഴി അയക്കാനും ഇവിടെ സൗകര്യമുണ്ട്.

മലചവിട്ടാൻ കഴിയാത്തവർക്കും വീട്ടിലിരുന്ന് പ്രസാദം വാങ്ങാം
ശബരിമലയിൽ നേരിട്ടെത്താൻ സാധിക്കാത്ത ഭക്തർക്കും അയ്യപ്പപ്രസാദം ലഭിക്കാനുള്ള വഴി തപാൽ വകുപ്പ് തുറന്നിട്ടിട്ടുണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്പീഡ് പോസ്റ്റ് ആയി ബുക്ക് ചെയ്താൽ അയ്യപ്പന്റെ പ്രസാദം നേരിട്ട് വീട്ടുപടിക്കലെത്തും.
പ്രസാദ വിതരണത്തിന് പുറമെ സാധാരണ തപാൽ, രജിസ്റ്റേർഡ് തപാൽ, പാഴ്സൽ, മണി ഓർഡർ, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (IPPB) തുടങ്ങിയ എല്ലാ ആധുനിക സേവനങ്ങളും സന്നിധാനം സബ് പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. ലക്ഷക്കണക്കിന് തീർത്ഥാടകർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ഈ സേവനങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത്.
കത്തുകളിലൂടെ ഭക്തിയുടെ സന്ദേശങ്ങൾ കൈമാറിയിരുന്ന പഴയ കാലത്തുനിന്ന് അയ്യപ്പപ്രസാദം സ്പീഡ് പോസ്റ്റിലൂടെ വീടുകളിലെത്തുന്ന പുതിയ കാലത്തേക്ക് സന്നിധാനം പോസ്റ്റ് ഓഫീസ് വളർന്നുകഴിഞ്ഞു. എങ്കിലും, പതിനെട്ടാം പടിയുടെ ചിത്രം പതിഞ്ഞ ആ പഴയ തപാൽ മുദ്ര ഇന്നും മായാത്ത ചരിത്രസ്മരണയായി സന്നിധാനത്തുനിന്ന് പുറപ്പെടുന്ന ഓരോ ഉരുപ്പടിയിലും നിറഞ്ഞുനിൽക്കുന്നു.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

