കലാമണ്ഡലം രാധികയുടെ തിരിച്ചുവരവുമായി മലയാളം ഹൊറർ ഹ്രസ്വചിത്രം മേരി; അണിയറയിൽ ഓസ്‌ട്രേലിയൻ മലയാളികളും

ശ്രീബുദ്ധ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മേരി’ എന്ന മലയാളം ഹൊറർ ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കലാമണ്ഡലം രാധിക അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘മേരി’ക്കുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ് കലാമണ്ഡലം രാധിക അവതരിപ്പിക്കുന്നത്. അമൃത എം.എസ്., ശ്രീബുദ്ധ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു മുഴുനീള ചലച്ചിത്രത്തിന് സമാനമായ സാങ്കേതിക മികവോടെയാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

നടൻ കോട്ടയം രമേശും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. അവസാന ഭാഗത്തെ ഏതാനും രംഗങ്ങളിൽ മാത്രമാണ് എത്തുന്നതെങ്കിലും ഏറെ കരുത്തുറ്റ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ താമസിക്കുന്ന മലയാളി സംരംഭകനും നിർമ്മാതാവും അഭിനേതാവുമായ അരുൺ കൃഷ്ണ ആരോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിന് പുറമെ ചിത്രത്തിലെ ഒരു പ്രധാന വേഷവും അരുൺ കൈകാര്യം ചെയ്തിട്ടുണ്ട്. മുമ്പും നാട്ടിൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അരുണിന്റെ മുൻ ചിത്രങ്ങൾ ഐ.എം.ഡി.ബി (IMDb) പട്ടികയിലും ഇടംനേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ടാരീയിൽ താമസിക്കുന്ന തോമസ് സൈമൺ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. മനോജ് എം.ജെ. ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ കലാസംവിധാനവും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ കൃഷ്ണയാണ്. അശ്വിൻ സുരേഷാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *