മെൽബണിൽ ലിറ്റിൽ ഇന്ത്യ ഒരുങ്ങുന്നു; 1.2 മില്യൺ ഡോളർ അനുവദിച്ച് സിറ്റി ഓഫ് മെൽബൺ

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്നതിനായി ‘ലിറ്റിൽ ഇന്ത്യ’ (Little India) എന്ന പേരിൽ പ്രത്യേക സാംസ്കാരിക മേഖല ഒരുക്കാനുള്ള പദ്ധതിയുമായി സിറ്റി ഓഫ് മെൽബൺ കൗൺസിൽ മുന്നോട്ട്. ഇതിനായി 2026–27 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1.2 മില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ് കൗൺസിൽ വകയിരുത്തിയിരിക്കുന്നത്. ഇന്ത്യൻ ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, കലാപരിപാടികൾ, ദീപാവലി, ഹോളി തുടങ്ങിയ ഉത്സവാഘോഷങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്ന സാംസ്കാരിക കേന്ദ്രമായിരിക്കും ഇത്.

മെൽബണിലെ ഡോക്ക്ലാൻഡ്സ് (Docklands) മേഖലയിലാണ് പുതിയ ലിറ്റിൽ ഇന്ത്യ സ്ഥാപിക്കാൻ ആലോചിക്കുന്നത്. ഡിസ്ട്രിക്റ്റ് ഡോക്ക്ലാൻഡ്സ് (District Docklands), ന്യൂ ക്വേ പാർക്ക് (New Quay Park), ഡോക്ക്ലാൻഡ്സ് ഡ്രൈവ് (Docklands Drive), റോൺ ബരാസി സീനിയർ പാർക്ക് (Ron Barassi Senior Park) എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് പ്രാഥമികമായി പരിഗണിക്കുന്നത്. ഫെഡറൽ ഗവൺമെന്റിന്റെ പദ്ധതിയല്ല ഇത്; മറിച്ച് സിറ്റി ഓഫ് മെൽബൺ കൗൺസിലിന്റെ പ്രത്യേക സംരംഭമാണ്. ഇന്ത്യൻ സമൂഹവുമായും പ്രദേശവാസികളുമായും വിശദമായ കൂടിയാലോചനകൾ നടത്താനും പരീക്ഷണാടിസ്ഥാനത്തിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുമാണ് അനുവദിച്ച 1.2 മില്യൺ ഡോളർ വിനിയോഗിക്കുക. പദ്ധതിയുടെ അന്തിമ രൂപരേഖയ്ക്കും സ്ഥിരമായ നിർമ്മാണത്തിനും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

ന്യൂ സൗത്ത് വെയിൽസിലെ സിഡ്‌നിയിലുള്ള ഹാരിസ് പാർക്കിലെ ‘ലിറ്റിൽ ഇന്ത്യ’യ്ക്ക് സമാനമായ ഒരു കേന്ദ്രമാണ് മെൽബണിലും ലക്ഷ്യമിടുന്നത്. കോവിഡിന് ശേഷം 2023-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സിഡ്‌നിയിലെ ലിറ്റിൽ ഇന്ത്യ തെരുവ് ഇന്ന് ഏറെ ശ്രദ്ധേയമാണ്. സ്വർണ്ണക്കടകളും ഇന്ത്യൻ വ്യാപാര സ്ഥാപനങ്ങളും മുതൽ ആന്ധ്ര, തെലങ്കാന, തമിഴ്, കേരള, പഞ്ചാബി, ഗോവൻ തുടങ്ങി ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്ന ഒട്ടനവധി റെസ്റ്റോറന്റുകളും അവിടെ പ്രവർത്തിക്കുന്നുണ്ട്.

പദ്ധതിയെ സ്വാഗതം ചെയ്യുന്നവർ, ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക സംഭാവനകൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഇതിനെ കാണുന്നത്. അതേസമയം, ഈ തുക പാർക്കുകൾ, സ്കൂളുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കണമെന്ന അഭിപ്രായവും ഡോക്ക്ലാൻഡ്സിലെ ചില താമസക്കാർ ഉയർത്തിയിട്ടുണ്ട്. സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും ‘ചൈന ടൗണുകൾ’ (Chinatown) ഉള്ളതുപോലെ, ബഹുസ്വര സമൂഹത്തിന്റെ സ്വാഭാവിക ഭാഗമായി വേണം ‘ലിറ്റിൽ ഇന്ത്യ’യെയും കാണേണ്ടത്. യാതൊരു വിഭാഗീയതയുമില്ലാതെ, തികഞ്ഞ സ്വാഭാവികതയോടെ ഈ സാംസ്കാരിക സംരംഭത്തെ ഉൾക്കൊള്ളാൻ ജനങ്ങൾക്ക് സാധിക്കട്ടെയെന്ന് ‘മലയാളി പത്രം’ ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *