കൊച്ചി: ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 11 എയർ റൈഫിളുകൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രമേഷ് മച്ചാട്ട്, സിജോയ് ശശി എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിവിധ മോഡലുകളിൽപ്പെട്ട എയർ റൈഫിളുകൾ അഴിച്ചുമാറ്റി ഭാഗങ്ങളാക്കിയ നിലയിലായിരുന്നു.
ദുബായിൽ നിന്ന് ഇൻഡിഗോയുടെ 6E 1476 നമ്പർ വിമാനത്തിലാണ് ഇരുവരും കൊച്ചിയിൽ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ ഇവരുടെ ലഗേജുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു റൈഫിളുകളുടെ ഭാഗങ്ങൾ. പരിശോധനയിൽ പിടികൂടപ്പെടാതിരിക്കാൻ റൈഫിളുകൾ അഴിച്ചുമാറ്റി വിവിധ ബാഗുകളിലായി വേർതിരിച്ച് സൂക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. റൈഫിളുകൾക്കൊപ്പം ഇവയുടെ അനുബന്ധ ഉപകരണങ്ങളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത എയർ റൈഫിളുകൾ ഏത് ഇനത്തിൽപ്പെട്ടതാണെന്നും, ഇവ രാജ്യത്തേക്ക് കൊണ്ടുവരാൻ ആവശ്യമായ ലൈസൻസോ മറ്റ് രേഖകളോ യാത്രക്കാരുടെ പക്കലുണ്ടോ എന്നും കസ്റ്റംസ് പരിശോധിച്ചുവരികയാണ്. വിദഗ്ധ സാങ്കേതിക പരിശോധനയ്ക്കായി റൈഫിളുകൾ കസ്റ്റംസ് കസ്റ്റഡിയിൽ തടഞ്ഞുവച്ചിരിക്കുകയാണ്.

