മെൽബൺ: 1960-കൾക്ക് ശേഷം രാജ്യത്ത് ആദ്യമായി പുതിയ എണ്ണശുദ്ധീകരണശാല (ഓയിൽ റിഫൈനറി) നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമിട്ട് ഓസ്ട്രേലിയ. ഇതിന്റെ ഭാഗമായി വെസ്റ്റേൺ ഓസ്ട്രേലിയയിലെ കരത്ത നഗരത്തിൽ റിഫൈനറി സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ 4 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ സംയുക്ത പ്രീ-ഫീസിബിലിറ്റി പഠനത്തിന് പ്രധാനമന്ത്രി ആന്റണി ആൽബനീസും വെസ്റ്റേൺ ഓസ്ട്രേലിയൻ പ്രീമിയർ റോജർ കുക്കും തത്വത്തിൽ അംഗീകാരം നൽകി.
ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിതരണത്തിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്ന 15 ബില്യൺ ഡോളറിന്റെ ബൃഹത്തായ ഇന്ധന സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ ഓസ്ട്രേലിയ തങ്ങൾക്ക് ആവശ്യമായ ദ്രാവക ഇന്ധനത്തിന്റെ 90 ശതമാനത്തോളവും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
വെസ്റ്റേൺ ഓസ്ട്രേലിയൻ കമ്പനിയായ ‘പെർഡമാൻ’ ആണ് നിർദ്ദിഷ്ട റിഫൈനറിയുടെ നിർമ്മാണത്തിനും നടത്തിപ്പിനുമായി മുന്നോട്ടുവന്നിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ, നിലവിൽ ജീലോങ് , ബ്രിസ്ബെയ്ൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് പുറമെ ഓസ്ട്രേലിയയിലെ മൂന്നാമത്തെ മാത്രം പ്രവർത്തനക്ഷമമായ എണ്ണശുദ്ധീകരണശാലയായി ഇത് മാറും.
“മധ്യപൂർവേഷ്യയിലെ യുദ്ധം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ, അത്രത്തോളം അതിന്റെ ആഘാതം ഓസ്ട്രേലിയയിലും പ്രതിഫലിക്കും. ഇതിന്റെ കടുത്ത പ്രത്യാഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ എന്റെ സർക്കാർ സാധ്യമായതെല്ലാം ചെയ്യും” – പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി.
നിലവിൽ പ്രീ-ഫീസിബിലിറ്റി പഠനത്തിന്റെ ഫലം പുറത്തുവന്ന ശേഷമേ റിഫൈനറിയുടെ നിർമ്മാണ സമയക്രമത്തെക്കുറിച്ചും പ്രതീക്ഷിക്കുന്ന ചെലവുകളെക്കുറിച്ചും അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

