കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി എളമക്കര സൗത്ത് ഡിവിഷനിൽ (വാർഡ് 21) നിന്നുള്ള യു.ഡി.എഫ് പ്രതിനിധി വി.ആർ. സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന 23-ാമത്തെ കൗൺസിലറാണ് അദ്ദേഹം. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ കളക്ടർ ജി. പ്രിയങ്ക വരണാധികാരിയായി നേതൃത്വം നൽകി. ദീപക് ജോയ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സുധീറിനെ തിരഞ്ഞെടുത്തത്.
ആകെ 74 കൗൺസിലർമാർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ 46 അംഗങ്ങളുടെയും വോട്ടുകൾ നേടി മിന്നുന്ന വിജയമാണ് സുധീർ കരസ്ഥമാക്കിയത്. എൽ.ഡി.എഫിലെ 22 കൗൺസിലർമാരിൽ നിന്ന് 21 വോട്ടുകൾ ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവായി. ആറ് കൗൺസിലർമാരുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥിക്ക് ആറ് വോട്ടുകളും ലഭിച്ചു.
2000-ൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്ന് കൗൺസിലറായി പ്രവർത്തനം ആരംഭിച്ച വി.ആർ. സുധീർ ഇതുവരെ നാല് തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൊച്ചി കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് എന്നീ പ്രധാന ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അഭിരാജ് കൃഷ്ണ എന്നിവരാണ് മക്കൾ.

