പത്തനംതിട്ട: അപകടങ്ങൾ പതിവാകുന്ന കുമ്പഴ ജംഗ്ഷനിൽ ഉടൻ തന്നെ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു. നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഇത്. കുമ്പഴ ജംഗ്ഷനിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ബോർഡുകളും പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ജംഗ്ഷന്റെ നാലു ഭാഗങ്ങളിലും റിഫളക്ടർ സ്റ്റഡുകൾ പതിക്കും. അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കാനും കൃത്യമായ സ്ഥലങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. കഴിഞ്ഞയാഴ്ച എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുമ്പഴ ജംഗ്ഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ശബരിമല സീസണിനോടനുബന്ധിച്ച് ജൂലൈ 29, 30 തീയതികളിൽ റോഡ് സുരക്ഷാ പരിശോധന നടക്കും. ജൂലൈ 29-ന് കലഞ്ഞൂർ മുതൽ പ്ലാച്ചേരി വരെയും ജൂലൈ 30-ന് ഏനാത്ത് മുതൽ കുളനട വരെയുമാണ് പോലീസ്, ആർടിഒ, പിഡബ്ല്യുഡി വകുപ്പുകളുടെ സംയുക്ത പരിശോധന. യോഗത്തിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, എഡിഎം ആർ. രാജലക്ഷ്മി എന്നിവരും പങ്കെടുത്തു.

