ഇടുക്കി: എസ്.എസ്.എൽ.സി., പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും തുടർപഠനം സാധ്യമാക്കുന്നതിനായി കേരള പോലീസിന്റെ ‘ഹോപ്പ്’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇടുക്കി ജില്ലയിൽ പദ്ധതിയിലൂടെ തുടർപഠനത്തിന് താൽപ്പര്യമുള്ളവർ ആഗസ്റ്റ് 15-ന് മുൻപായി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, 9497912649 എന്ന നമ്പറിൽ ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസറെയോ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പഠനം പൂർത്തിയാക്കാൻ സാധിക്കാതെപോയ 22 വയസ്സിന് താഴെയുള്ളവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നത്. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകൾ, മെന്ററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങൾ എന്നിവ പദ്ധതിയിലൂടെ നൽകുന്നുണ്ട്. കൂടാതെ കുട്ടികൾക്ക് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾ സ്വായത്തമാക്കാനുള്ള അവസരവും ഇതിലൂടെ ലഭ്യമാകും.

