മെൽബൺ: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സിനിമാ പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന് (IFFM 2026) തുടക്കമായി. മെൽബണിൽ നടക്കുന്ന മേളയിൽ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള വൻ താരനിരയാണ് ഇത്തവണ പങ്കാളികളാകുന്നത്. സിനിമാ പ്രദർശനങ്ങൾക്കൊപ്പം നിരവധി സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 13 മുതൽ 23 വരെ വിക്ടോറിയൻ സർക്കാരിന്റെ പിന്തുണയോടെയാണ് ഇത്തവണത്തെ ഐ.എഫ്.എഫ്.എം നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ ദുൽഖർ സൽമാൻ, കാന്താര ഫെയിം ഋഷഭ് ഷെട്ടി, വിജയ് വർമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സെന്റ് കിൽഡയിലെ പാലൈസ് തിയേറ്ററിലാണ് (Palais Theatre) ചലച്ചിത്രോത്സവത്തിന്റെ പ്രൗഢഗംഭീരമായ അവാർഡ് നിശ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ ചലച്ചിത്രോത്സവമായ മെൽബൺ മേളയിൽ മലയാളത്തിൽ നിന്ന് ഉൾപ്പെടെ 130-ലധികം സിനിമകൾ ഇത്തവണ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയിൽ ആദ്യമായി എത്തിയ ദുൽഖർ സൽമാൻ, ഇന്ത്യൻ സിനിമകൾ ആഗോള തലത്തിൽ നേടുന്ന സ്വീകാര്യതയെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ ‘ലോക്ക’ (Lokah) എന്ന ചിത്രവും മേളയിൽ എത്തുന്ന പ്രധാന സിനിമകളിലൊന്നാണ്.
മേളയുടെ ഭാഗമായി ലാ ട്രോബ് സർവകലാശാല (La Trobe University) ബോളിവുഡ് താരം റാണി മുഖർജിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. ചലച്ചിത്ര രംഗത്തെ മികവിന് ഋഷഭ് ഷെട്ടിക്ക് ‘ലീഡർഷിപ്പ് ഇൻ സിനിമ’ പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും. മെൽബണിന് പുറമെ ജീലോങ്, ബെൻഡിഗോ തുടങ്ങിയ പ്രാദേശിക നഗരങ്ങളിലേക്കും ഇത്തവണ ചലച്ചിത്രോത്സവത്തിന്റെ പ്രദർശനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്

