ബ്രിസ്‌ബേൻ: പ്രോഗ്രസീവ് സോഷ്യൽ മീഡിയ പേജിന്റെ പേര് ദുരുപയോഗം ചെയ്ത് ഇടത് പ്രക്ഷോഭകർക്കിടയിൽ ‘അണ്ടർകവർ’ വീഡിയോകൾ ചിത്രീകരിച്ചതായി ഓസ്‌ട്രേലിയയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ വൺ നേഷനെതിരെ ആരോപണം. പാർട്ടി നേതാവ് പൗളിൻ ഹാൻസനെതിരെ നടന്ന പ്രതിഷേധ റാലികളിൽ വൺ നേഷൻ പ്രവർത്തകൻ വ്യാജ പേരിൽ പങ്കെടുത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നാണ് പരാതി.
1,28,000-ഓളം ഫോളോവേഴ്സുള്ള പ്രമുഖ പാരഡി വിനോദ പേജായ ‘ടോയ്‌ലറ്റ് പേപ്പർ ഓസ്‌ട്രേലിയ’യുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ടാണ് ഒരു യുവാവ് പ്രതിഷേധക്കാരുമായി അഭിമുഖം നടത്തിയത്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, എക്സ് (X) തുടങ്ങിയ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോകളിൽ, പ്രതിഷേധക്കാരെ കളിയാക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച ‘ടോയ്‌ലറ്റ് പേപ്പർ ഓസ്‌ട്രേലിയ’ ഭാരവാഹികൾ, വീഡിയോ ചിത്രീകരിച്ച വ്യക്തിക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ബ്രിസ്‌ബേനിൽ ഹാൻസനെതിരെ നടന്ന റാലിയിൽ പങ്കെടുത്ത നിരവധി ആളുകൾ ഈ വ്യക്തി തങ്ങളെ സമീപിച്ച് ടോയ്‌ലറ്റ് പേപ്പർ ഓസ്‌ട്രേലിയയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

