ന്യൂഡൽഹി: സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ത്യയിലെത്തും. ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം സ്ഥിരീകരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
സെപ്റ്റംബർ 12, 13 തീയതികളിലാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി ന്യൂഡൽഹിയിൽ നടക്കുന്നത്. 2026ലെ ബ്രിക്സ് അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. ‘Building for Resilience, Innovation, Cooperation and Sustainability’ എന്നതാണ് ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്ന അധ്യക്ഷപദത്തിന്റെ പ്രമേയം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയിൽ പെസെഷ്കിയാനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും മേഖലയിലെ സമാധാനവും സ്ഥിരതയും ചർച്ച ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽഗതാഗതത്തിന്റെ പ്രാധാന്യവും മോദി ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രിക്സ് വേദിയിലെ ഇന്ത്യ-ഇറാൻ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് പെസെഷ്കിയാന്റെ സന്ദർശനം അവസരമാകുമെന്നാണ് വിലയിരുത്തൽ. ഊർജം, വ്യാപാരം, ഗതാഗതം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ പ്രധാനമാണ്. ബ്രിക്സ് ചട്ടക്കൂടിനുള്ളിലെ സഹകരണം വിപുലീകരിക്കണമെന്ന താൽപര്യം പെസെഷ്കിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
2024ൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും പെസെഷ്കിയാനും നേരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചാബഹാർ തുറമുഖം ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തിരുന്നു.

