പാലക്കാട്: പൊതുവിപണിയിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സമീപനം അനുവദിക്കില്ലെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. ശക്തമായ ഇടപെടലുകളിലൂടെ വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് സാധാരണക്കാർക്കായി സപ്ലൈകോ മുഖേന സർക്കാർ ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് ആരംഭിച്ച സപ്ലൈകോ ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു കുടുംബത്തിന് ആവശ്യമായ അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നതിന് പുറമെ മിതമായ നിരക്കിൽ വിവിധ ഓണക്കിറ്റുകളും മേളയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. കോട്ടമൈതാനത്ത് ആരംഭിച്ച ജില്ലാ ഫെയർ ഓഗസ്റ്റ് 25 വരെ പ്രവർത്തിക്കും. ഇതിനുപുറമേ ഓഗസ്റ്റ് 20 മുതൽ ഉത്രാടം വരെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഫെയറുകൾ സജ്ജമാക്കും.
ചടങ്ങിൽ കെ. സുമേഷ് അച്യുതൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിർവഹിച്ചു. രമേശ് പിഷാരടി എം.എൽ.എ., ജില്ലാ കളക്ടർ കെ. സുധീർ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, വാർഡ് കൗൺസിലർ പ്രദീപ, സപ്ലൈകോ റീജിയണൽ മാനേജർ ജി. സുമ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മേളയിൽ പൊതുജനങ്ങൾക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കാർഡിലൂടെ സബ്സിഡി നിരക്കിൽ ലഭിക്കും. സപ്ലൈകോ റേഷൻകട വഴി എ.എ.വൈ. കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണിസഞ്ചി ഉൾപ്പെടെ 16 ഇനം അവശ്യസാധനങ്ങൾ അടങ്ങുന്ന സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ആകർഷകമായ വിലയിൽ നാല് തരം പ്രത്യേക കിറ്റുകളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഓണം ഗിഫ്റ്റ് കാർഡുകൾ അവതരിപ്പിച്ചിട്ടുള്ള മേളയിൽ, ഈ കാർഡുകൾ റെഡീം ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. 1000 രൂപയുടെ ഓരോ പർച്ചേസിനും ഒരു ഗിഫ്റ്റ് കൂപ്പണും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും ലഭ്യമാകും. 1500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ 100 രൂപയുടെ ബോണസ് കൂപ്പൺ നൽകുന്നതിനൊപ്പം ശബരി, മറ്റ് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വൻ വിലക്കുറവും സപ്ലൈകോ ഉറപ്പാക്കിയിട്ടുണ്ട്.

