മെൽബൺ: 27 വർഷം നീണ്ട പാർലമെന്ററി ജീവിതത്തിന് വിരാമമിട്ട് മുൻ പ്രീമിയർ ജസീന്ത അലൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു. വരുന്ന നവംബർ 28-ന് നടക്കുന്ന വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അവർ ഔദ്യോഗികമായി വ്യക്തമാക്കി. ബെൻഡിഗോ ഹോസ്പിറ്റലിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ജസീന്ത അലൻ തന്റെ സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.
1999-ൽ തന്റെ 26-ാം ജന്മദിനത്തിന് തലേന്നാണ് ബെൻഡിഗോ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ജസീന്ത അലൻ ആദ്യമായി വിക്ടോറിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമായി ചരിത്രത്തിൽ ഇടംനേടിയ അവർ, പിന്നീട് വിക്ടോറിയയുടെ പ്രീമിയർ പദവിയിലേക്കും ഉയർന്നു. 2023 സെപ്റ്റംബർ 27 മുതൽ 2026 ജൂലൈ 28 വരെ 1,036 ദിവസമാണ് അവർ പ്രീമിയറായി സേവനമനുഷ്ഠിച്ചത്. തൻ്റെ ഭരണകാലത്ത് ഒരു ദിവസം പോലും പാഴാക്കിയിട്ടില്ലെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്ന് വികാരഭരിതയായി അവർ മാധ്യമങ്ങളോട് പറഞ്ഞു. ബെൻഡിഗോയിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ സാധിച്ചതാണ് പൊതുജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി അവർ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ജൂലൈ അവസാനം ലേബർ പാർട്ടിയിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ജസീന്ത അലന് പ്രീമിയർ പദവി രാജിവെക്കേണ്ടി വന്നിരുന്നു. തുടർന്ന് ഉപപ്രീമിയറായിരുന്ന ബെൻ കാരോൾ പുതിയ പ്രീമിയറായി ചുമതലയേറ്റെടുത്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിയിൽ അനിശ്ചിതത്വവും ഭിന്നതയും ഒഴിവാക്കാനാണ് താൻ പ്രീമിയർ സ്ഥാനത്തുനിന്നും മാറിനിന്നതെന്ന് അവർ മുൻപ് വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തിന് ശേഷമുള്ള വിക്ടോറിയയുടെ സാമ്പത്തിക ബാധ്യതകളും നിർമ്മാണ മേഖലയിലെ പ്രശ്നങ്ങളുമാണ് നേതൃമാറ്റത്തിലേക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തലുകൾ. അതേസമയം, ജസീന്ത അലന്റെ ദീർഘകാല സേവനത്തെയും വികസന സംഭാവനകളെയും പുതിയ പ്രീമിയർ ബെൻ കാരോൾ പ്രശംസിച്ചു.
2026 നവംബർ 28 ശനിയാഴ്ചയാണ് വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. വിക്ടോറിയയിൽ സ്ഥിരതാമസമാക്കിയ വലിയൊരു വിഭാഗം പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റ സമൂഹത്തിന് ഈ രാഷ്ട്രീയ മാറ്റങ്ങൾ നിർണ്ണായകമാണ്. ആരോഗ്യ സേവനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ പദ്ധിതികൾ, ജീവിതച്ചെലവ് എന്നിവയുമായി ബന്ധപ്പെട്ട പുതിയ ലേബർ സർക്കാരിന്റെ നയങ്ങൾ ജനങ്ങളെ നേരിട്ട് സ്വാധീനിക്കും. ജസീന്ത അലൻ പിൻവാങ്ങിയതോടെ ബെൻഡിഗോ ഈസ്റ്റ് മണ്ഡലത്തിൽ നാഷണൽസ് പാർട്ടി സ്ഥാനാർത്ഥി ആൻഡ്രൂ ലെത്ലീനെതിരെ ലേബർ പാർട്ടിക്ക് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാന മന്ത്രിസഭയിൽ കൂടുതൽ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.

