സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ പൂർണ്ണമായും നിരോധിച്ചിട്ടുള്ള നിയമവിരുദ്ധമായ നഗ്നമുഷ്ടി പോരാട്ടങ്ങൾ (Bare-knuckle fighting) സിഡ്നിയുടെ പ്രാന്തപ്രദേശങ്ങളിൽ രഹസ്യമായി അരങ്ങേറുന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാൻ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അയക്കുന്ന സന്ദേശങ്ങളിലൂടെയാണ് (Text message) സംഘാടകർ ആളുകളെ രഹസ്യകേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
ക്വീൻസ്ലാൻഡിൽ നിയന്ത്രണങ്ങളോടെ ഇത്തരം മത്സരങ്ങൾ അനുവദനീയമാണെങ്കിലും ന്യൂ സൗത്ത് വെയിൽസിൽ ഇവ നിയമവിരുദ്ധമാണ്. എന്നിരുന്നാലും, റഫറിമാരോ ജഡ്ജിമാരോ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളോ ഇല്ലാതെയാണ് കൈയുറകളില്ലാതെയുള്ള ഈ മത്സരങ്ങൾ പലയിടത്തും നടക്കുന്നത്. മാനസികാഘാതങ്ങളും പ്രതിസന്ധികളും നേരിടുന്ന പുരുഷന്മാർക്ക് അത് പുറന്തള്ളാനുള്ള വേദിയാണിതെന്നും നിയമവിരുദ്ധമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ ഇവരെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നുമാണ് സംഘാടകരുടെ അവകാശവാദം. നിയമവിധേയമാക്കിയില്ലെങ്കിലും ഇത്തരം മത്സരങ്ങൾ നടക്കുക തന്നെ ചെയ്യുമെന്നും സംഘാടകർ പറയുന്നു.
മാനസിക സമ്മർദ്ദങ്ങളും അസ്വസ്ഥതകളും ദൂരീകരിക്കാനാണ് ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് ഇതിൽ പോരാളിയായെത്തിയ ഒരു നിർമ്മാണത്തൊഴിലാളി വ്യക്തമാക്കി. എന്നാൽ റിംഗിനടുത്ത് ഡോക്ടർമാരുടെ സേവനമില്ലാത്ത ഇത്തരം മത്സരങ്ങൾ അതീവ അപകടകരവും മരണകാരണവുമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യരെ ഉപയോഗിച്ചുള്ള കോഴിപ്പോരിന് സമാനമാണ് ഈ അനധികൃത മത്സരങ്ങളെന്ന് പ്രമുഖ ന്യൂറോ സയന്റിസ്റ്റ് ഡോ. അലൻ പിയേഴ്സ് വിശേഷിപ്പിച്ചു. ഇത്തരം കൊടും പോരാട്ടങ്ങളിൽ തലയ്ക്കേൽക്കുന്ന പരിക്കുകൾ കാരണം രണ്ട് മിനിറ്റിനുള്ളിൽ മരണം വരെ സംഭവിക്കാം. ആംബുലൻസിന് സംഭവസ്ഥലത്ത് എത്താൻ പോലും ഈ സമയം തികയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഗുരുതരമായ ആരോഗ്യ-ജീവൻ അപകടസാധ്യതകളും നിയമവിലക്കും നിലനിൽക്കുമ്പോഴും, കായിക ഇനമായി അധികൃതർ ഇതിനെ നിയമവിധേയമാക്കുന്നത് വരെ രഹസ്യ മത്സരങ്ങൾ തുടരുമെന്ന നിലപാടിലാണ് സംഘാടകർ.

