സജീവ് ജോസഫ് എം.എൽ.എയ്ക്ക് മെൽബണിൽ ഊഷ്മള സ്വീകരണം; സിഡ്മലിന്റെ സുവർണ്ണ ജൂബിലി-ഓണാഘോഷങ്ങൾ ഇന്ന്

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ഇരിക്കൂർ എം.എൽ.എയും എ.ഐ.സി.സി. വിദേശകാര്യ സെക്രട്ടറിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് മെൽബണിൽ ഊഷ്മളമായ സ്വീകരണം നൽകി.

മെൽബണിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി., ഐ.ഒ.സി. ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വിമൻസ് കോർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

ഇന്ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 16-ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓഗസ്റ്റ് 17-ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, അതേദിവസം തന്നെ ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും മുഖ്യാതിഥിയാകും. ഓഗസ്റ്റ് 19-ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ (Meet & Greet) പരിപാടിയിലും സജീവ് ജോസഫ് പങ്കെടുക്കും.

അതേസമയം, പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ സിഡ്നി മലയാളി അസോസിയേഷന്റെ (സിഡ്മൽ) 50-ാം വാർഷിക സുവർണ്ണ ജൂബിലി ആഘോഷങ്ങളും ഓണാഘോഷവും ഇന്ന് സിഡ്നിയിൽ അതിഗംഭീരമായി അരങ്ങേറും. അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുത്തൻ, അവിനാഷ് പണിക്കർ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ രണ്ടു വർഷത്തെ കഠിനപ്രയത്നത്തിലൂടെയാണ് സിഡ്നി മഹാനഗരത്തിൽ മലയാളിയുടെ സാംസ്കാരിക അടയാളപ്പെടുത്തലായി മാറുന്ന ഈ സുവർണ്ണ ജൂബിലി മഹാസംഗമം ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള പ്രശസ്ത കലാകാരന്മാരും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് അടക്കമുള്ള പ്രമുഖ വിശിഷ്ട വ്യക്തികളും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

നാലാമൻ മീഡിയ ഹൗസ് സ്പോൺസർ ചെയ്യുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നിട്ടുണ്ട് (Sold Out). മുൻകാല കുടിയേറ്റക്കാർക്ക് താങ്ങും തണലുമായി നിലകൊണ്ട സിഡ്മൽ, പുതുതലമുറ കുടിയേറ്റങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം സജീവമായി വ്യാപിപ്പിക്കുന്നുണ്ട്. വയോധികരായ അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങളും കൂട്ടായ്മയും ഒരുക്കുന്നതിനായി ‘തണൽ’ എന്ന പ്രത്യേക പദ്ധതിയും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓസ്-ഇന്ത്യ (Aus-India) പോലുള്ള ചാരിറ്റി പ്രവർത്തനങ്ങളും അസോസിയേഷൻ നടത്തിവരുന്നുണ്ട്. സ്വാതന്ത്ര്യദിനത്തോടൊപ്പം സുവർണ്ണ ജൂബിലിയും ഓണാഘോഷവും ഒന്നിച്ചെത്തുന്നതിന്റെ വലിയ ആവേശത്തിലാണ് ഓസ്‌ട്രേലിയൻ പ്രവാസി സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *