വിഭജന ഭീകരത അനുസ്മരണ ദിനം; ഇരകളെ അനുസ്മരിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി: 1947ലെ ഇന്ത്യാ വിഭജനകാലത്ത് ജീവൻ നഷ്ടപ്പെട്ടവരെയും ദുരിതം അനുഭവിച്ചവരെയും അനുസ്മരിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14ന് ആചരിച്ച ‘വിഭജന ഭീകരത അനുസ്മരണ ദിനത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വിഭജനത്തിന്റെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

വിഭജനകാലത്ത് ജനങ്ങൾ നേരിട്ട കഷ്ടപ്പാടുകളും അവരുടെ ധൈര്യവും രാജ്യം ഓർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. നിരവധി കുടുംബങ്ങൾ വേർപിരിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്ത ചരിത്രത്തിലെ വലിയ ദുരന്തമായിരുന്നു വിഭജനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിസന്ധികൾക്കിടയിലും ജീവിതം പുനർനിർമിച്ചവരുടെ ഇച്ഛാശക്തി രാജ്യത്തിന്റെ മുന്നേറ്റത്തിന് സംഭാവന നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഐക്യവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്താനും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നേറാനുള്ള പ്രതിജ്ഞ പുതുക്കാനും അനുസ്മരണദിനം പ്രചോദനമാകട്ടെയെന്നും മോദി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിഭജനകാലത്ത് ദുരിതമനുഭവിച്ചവരെ അനുസ്മരിച്ചു. വിഭജനത്തിന്റെ ചരിത്രം ഓർക്കുകയും അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നത് ശക്തമായ ഭാവിക്കായി അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയൽ, സി.ആർ. പാട്ടീൽ എന്നിവരും വിഭജനകാലത്തെ ഇരകളെ അനുസ്മരിച്ചു. 2021ലാണ് ഓഗസ്റ്റ് 14 ‘വിഭജന ഭീകരത അനുസ്മരണ ദിനമായി’ ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *