കാൻബറ: നിർബന്ധിത സൂപ്പർആനുവേഷൻ തുക ജീവനക്കാർക്ക് മുൻകൂട്ടി ലഭ്യമാക്കണമെന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ നിർദ്ദേശത്തിനെതിരെ ഫെഡറൽ സർക്കാർ രംഗത്ത്. ജീവിതച്ചെലവും ഭവനവായ്പ തിരിച്ചടവും താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന ഓസ്ട്രേലിയൻ ജനങ്ങൾക്ക് അവരുടെ വിരമിക്കൽ സമ്പാദ്യം നിലവിലെ പ്രതിസന്ധി മറികടക്കാൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ഹാൻസൻ ആവശ്യപ്പെട്ടിരുന്നു. സൂപ്പർ തുക തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അത് സർക്കാരിന്റെയോ ഫണ്ടുകളുടെയോ പണമല്ലെന്നും അവർ വാദിച്ചു. നിലവിലെ പെൻഷൻ സംവിധാനം പരാജയപ്പെട്ടതാണെന്നും വീട് വാങ്ങുന്നതിനുള്ള ഡെപ്പോസിറ്റായി സൂപ്പർ പണം ഉപയോഗിക്കാൻ അനുവദിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, നിർബന്ധിത സൂപ്പർആനുവേഷൻ സംവിധാനത്തെ തകർക്കാനാണ് ലിബറൽ-നാഷണൽ സഖ്യത്തെപ്പോലെ വൺ നേഷൻ പാർട്ടിയും ശ്രമിക്കുന്നതെന്ന് ട്രഷറർ ജിം ചാൽമേഴ്സ് ആരോപിച്ചു. ഓസ്ട്രേലിയൻ തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയ്ക്കും വിരമിക്കൽ വരുമാനത്തിനും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ലേബർ സർക്കാർ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ തൊഴിലാളികളുടെ വേതനത്തിന്റെ 12 ശതമാനമാണ് തൊഴിലുടമകൾ നിർബന്ധിത സൂപ്പർ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്.
ഷാഡോ ഹൗസിംഗ് മന്ത്രി ആൻഡ്രൂ ബ്രാഗ് നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിൽ 12 ശതമാനം സൂപ്പർ ഗ്യാരണ്ടി ആവശ്യത്തിന് പ്രയോജനം ചെയ്യുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. യൂണിയനുകളുമായി ബന്ധമുള്ള സൂപ്പർ ഫണ്ടുകൾക്ക് ആൽബനീസ് സർക്കാർ അനാവശ്യ മുൻഗണന നൽകുന്നുവെന്നും ഇത് തൊഴിലാളികളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവരുന്നതാണെന്നും ബ്രാഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർആനുവേഷൻ വിഷയത്തിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.

