ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരം; 36,000 അധിക സീറ്റുകളും പ്രിവിന്റീവ് ഫണ്ടിംഗും പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ

സിഡ്നി: ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ‘യൂണിവേഴ്സിറ്റീസ് അക്കോർഡ് ഹയർ എഡ്യൂക്കേഷൻ റിഫോംസ് 2026’ നയരേഖ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. സിഡ്നിയിൽ നടന്ന എഎഫ്‌ആർ ഹയർ എഡ്യൂക്കേഷൻ ഉച്ചകോടിയിൽ ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയറാണ് നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.

വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി പുതുതായി രൂപീകരിച്ച ഓസ്‌ട്രേലിയൻ ടെർഷ്യറി എഡ്യൂക്കേഷൻ കമ്മീഷൻ വഴി 36,000 അധിക കോമൺവെൽത്ത് സപ്പോർട്ടഡ് പ്ലേസുകൾ അനുവദിക്കും. നിലവിൽ നിശ്ചിത പരിധിയിൽ കൂടുതൽ എൻറോൾമെന്റുള്ള സർവകലാശാലകൾക്ക് 20,000 സീറ്റുകളും ബാക്കിയുള്ള 16,000 സീറ്റുകൾ മറ്റ് സ്ഥാപനങ്ങൾക്കുമാണ് ലഭ്യമാക്കുക. റീജിയണൽ, പിന്നാക്ക മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിലെ ഗോൺസ്കി മോഡൽ മാതൃകയിലുള്ള ‘നീഡ്സ് ബേസ്ഡ് ഫണ്ടിംഗ്’ സംവിധാനവും നടപ്പിലാക്കും.

നഴ്സിംഗ്, ടീച്ചിംഗ്, മിഡ്‌വൈഫറി, സോഷ്യൽ വർക്ക് എന്നീ കോഴ്സുകൾക്ക് പുറമെ പത്ത് ഫ്രണ്ട്‌ലൈൻ ഹെൽത്ത് കെയർ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കുകൂടി ‘കോമൺവെൽത്ത് പ്രാക് പേയ്മെന്റ്’ വ്യാപിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് പാത്തോളജി, റേഡിയോഗ്രാഫി, ഫാർമസി, റീഹാബിലിറ്റേഷൻ തെറാപ്പി, ഓഡിയോളജി, പോഡിയാട്രി, പാരാമെഡിസിൻ എന്നീ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് 2027 പകുതിയോടെ ഈ സാമ്പത്തിക ആനുകൂല്യം ലഭിച്ചുതുടങ്ങും. നിർബന്ധിത തൊഴിൽ പരിശീലന കാലയളവിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഇത് സഹായിക്കും.

ഉന്നതവിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്താൻ റെഗുലേറ്ററി ഏജൻസിയായ TEQSA-യുടെ നിയമലംഘനങ്ങൾക്കുള്ള പരമാവധി സിവിൽ പിഴ $40,000-ൽ നിന്ന് $2,000,000 (2 മില്യൺ ഡോളർ) ആയി ഉയർത്തുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. വിദ്യാർത്ഥി സുരക്ഷ, ഭരണനിർവ്വഹണം, അക്കാദമിക് നിലവാരം എന്നിവയിലെ ഗുരുതര വീഴ്ചകൾ തടയുന്നതിനൊപ്പം ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി ആക്ടിൽ ആവശ്യമായ ഭേദഗതികൾ വരുത്തി കൂടുതൽ സുതാര്യതയും പ്രാതിനിധ്യവും ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *