ആംസ്റ്റർഡാം: എഫ്ഐഎച്ച് ഹോക്കി ലോകകപ്പിൽ പാകിസ്ഥാനെ 5-3ന് തോൽപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ കടന്നു. പൂൾ ഡിയിലെ അവസാന മത്സരത്തിൽ ഇന്ത്യ ആദ്യ 21 മിനിറ്റിനുള്ളിൽ മൂന്ന് ഗോളിന്റെ ലീഡ് നേടി.
ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും അഭിഷേക് നായിനും രണ്ട് വീതം ഗോളുകൾ നേടി. അഞ്ചാം, 21-ാം മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. അഭിഷേക് 11, 24 മിനിറ്റുകളിൽ ഗോൾ കണ്ടെത്തി. 35-ാം മിനിറ്റിൽ ഹാർദിക് സിങ് ഇന്ത്യയുടെ അഞ്ചാം ഗോൾ നേടി.
പാകിസ്ഥാനായി അബ്ദുൾ ഷാഹിദ് 22, 46 മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി. 24-ാം മിനിറ്റിൽ സൂഫിയാൻ ഖാൻ മറ്റൊരു ഗോൾ ചേർത്തു. എന്നാൽ തിരിച്ചുവരവിന് ഇത് മതിയായില്ല.
മൂന്ന് മത്സരങ്ങളിൽ രണ്ട് ജയത്തോടെ ആറ് പോയിന്റ് നേടിയ ഇന്ത്യ പൂൾ ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. മൂന്ന് ജയത്തോടെ ഒൻപത് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതെത്തി. സമനിലയിൽ ലഭിച്ച ഒരു പോയിന്റുമായി പാകിസ്ഥാൻ പുറത്തായി.
രണ്ടാം റൗണ്ടിൽ ഇന്ത്യയും ഇംഗ്ലണ്ടും പൂൾ ഇയിലാണ്. പൂൾ ഡിയിലെ മത്സരത്തിൽ ഇന്ത്യയെ 4-2ന് തോൽപ്പിച്ചതിന്റെ ആനുകൂല്യമായി ഇംഗ്ലണ്ടിന് മൂന്ന് പോയിന്റും ലഭിക്കും. രണ്ടാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിഫൈനലിൽ പ്രവേശിക്കുക.

