ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും ആയുഷും പ്രീക്വാർട്ടറിൽ

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവും ആയുഷ് ഷെട്ടിയും സിംഗിൾസ് പ്രീക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ സിംഗിൾസിൽ 14-ാം സീഡായ ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ അപ്രതീക്ഷിത തോൽവിയോടെ പുറത്തായി.

അമേരിക്കയുടെ ഗ്രേറ്റ് ടാനിനോടാണ് ലക്ഷ്യ സെൻ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ തോറ്റത്. സ്കോർ 19-21, 21-19, 21-17. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലായിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.

ആയുഷ് ഷെട്ടി ശ്രീലങ്കയുടെ ഡുമിന്ദു അബേവിക്രമയെ 21-8, 21-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിലെത്തിയത്. വനിതാ സിംഗിൾസിൽ ഒമ്പതാം സീഡായ പി.വി. സിന്ധു കാനഡയുടെ വെൻ യു ഷാങിനെ 21-16, 21-17ന് കീഴടക്കി. ഉന്നതി ഹൂഡയും രണ്ടാം റൗണ്ടിൽ പുറത്തായി.

മിക്സഡ് ഡബിൾസിൽ ധ്രുവ് കപില–തനിഷ ക്രാസ്റ്റോ സഖ്യവും പ്രീക്വാർട്ടറിലെത്തി. 21-11, 21-11ന് മക്കാവോയുടെ ലിയാങ് ഇയോക്ക്-വെങ് ചി സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്. പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ്–ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിലും വാക്കോവർ നേടി.

അതേസമയം, എം.ആർ. അർജുൻ–ഹരിഹരൻ അംശകരുണൻ സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *