മൊഗാദിഷു: സൊമാലിയയിലെ പൻഡ്ലാൻഡ് തീരത്തിന് സമീപം ചരക്കുകപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി. കാമറൂൺ പതാകയുള്ള എംവി ലുതുഫ് എന്ന കപ്പലാണ് തിങ്കളാഴ്ച അക്രമികൾ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണ്.
പൻഡ്ലാൻഡിലെ ഐൽ ജില്ലയിൽ മറൊയ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് സൊമാലിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന തുർക്കി ആയുധങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, ഉപഗ്രഹ സംവിധാനങ്ങൾ എന്നിവ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. കപ്പലിന്റെ ഉടമസ്ഥർ പോളാർ മൂവ്മെന്റ് ഷിപ്പിംഗ് കമ്പനിയാണ്.
ആറ് ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ പിടിച്ചെടുത്ത ശേഷം സൊമാലിയയിലെ നുഗാൽ തീരത്തേക്ക് മാറ്റിയതായാണ് വിവരം. ജീവനക്കാരുടെ നിലവിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഏപ്രിൽ 26ന് എംവി സ്വാർഡ് എന്ന കപ്പൽ റാഞ്ചിയ സംഘവുമായി ബന്ധമുള്ള എട്ട് കടൽക്കൊള്ളക്കാരാണ് പുതിയ സംഭവത്തിന് പിന്നിലെന്നാണ് സൊമാലിയൻ ഉദ്യോഗസ്ഥന്റെ വിശദീകരണം. പിന്നീട് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്ത് എത്തിയതായും ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച കപ്പലിന് സമീപമെത്തിയ ചെറിയ ബോട്ടിൽനിന്ന് രണ്ടുപേർ കടൽക്കൊള്ളക്കാർക്ക് ഖാത്ത് എന്ന ഉത്തേജകസസ്യം എത്തിച്ചതിന് പിന്നാലെ വ്യോമാക്രമണമുണ്ടായി. നാല് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൊമാലിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ആക്രമണം നടത്തിയത് ആരാണെന്നും കൊല്ലപ്പെട്ടവർ കടൽക്കൊള്ളക്കാരിൽപ്പെട്ടവരാണോയെന്നും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

